ന്യൂദല്‍ഹി: ദല്‍ഹിയിലെ ആറു ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
അതീഷി( കിഴക്കന്‍ ദല്‍ഹി), രാഘവ് ചദ്‌ന(തെക്കന്‍ ദല്‍ഹി)പങ്കജ് ഗുപ്ത(ചാന്ദ്‌നി ചൗക്ക്), ദിലീപ് പാണ്ഡെ(വടക്ക്കിഴക്ക് ദല്‍ഹി), ഗഗന്‍ സിങ്(വടക്ക് പടിഞ്ഞാറന്‍ ദല്‍ഹി),ബ്രജേഷ് ഗോയല്‍(ന്യൂദല്‍ഹി) എന്നിവരെയാണ് പ്രഖ്യാപിച്ചത്.
പടിഞ്ഞാറന്‍ ദല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആപ്പും കോണ്‍ഗ്രസ് ഹൈക്കമാന്റും തമ്മില്‍ സഖ്യചര്‍ച്ചകള്‍ നടന്നെങ്കിലും കോണ്‍ഗ്രസ് ദല്‍ഹി ഘടകം ആപ്പുമായി യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സഖ്യനീക്കം പാളിയത്.
സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താനും പാര്‍ട്ടി പലവട്ടം ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് അതിന് തയ്യാറായില്ലെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
ബിജെപിയെ പരാജയപ്പെടുത്താന്‍ ദല്‍ഹിയില്‍ സഖ്യം ആവശ്യമാണെന്നാണ് കെജ്രിവാളിന്റെ നിലപാട്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷീലാ ദീക്ഷിത് ആപ്പുമായി യാതൊരു സഖ്യത്തിനും പാര്‍ട്ടിയില്ലെന്ന് ഹൈക്കമാന്റിനെ ധരിപ്പിക്കുകയായിരുന്നു. രാഹുല്‍ഗാന്ധിക്ക് സഖ്യത്തിന് താല്‍പ്പര്യമുണ്ടെങ്കിലും ഷീലാ ദീക്ഷിത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടിവന്നു.
















