ന്യൂദല്‍ഹി: പൈലറ്റ് അഭിനന്ദനെ എത്രയും പെട്ടെന്ന് സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. പരിക്കേറ്റ നിലയിലുള്ള സൈനികന്റെ വീഡിയോ പുറത്തുവിട്ട നടപടി സംസ്‌കാരമില്ലാത്തതാണ്. ജനീവ കരാറും അന്താരാഷ്‌ട്ര നിയമങ്ങളും പാക്കിസ്ഥാന്‍ ലംഘിച്ചു. കസ്റ്റഡിയില്‍ ഒരു തരത്തിലുമുള്ള ഉപദ്രവവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം.
ദേശസുരക്ഷ ഉറപ്പാക്കാനും പരമാധികാരം സംരക്ഷിക്കാനും അതിര്‍ത്തിക്കപ്പുറമുള്ള ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിലെ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യ കൈമാറി.
പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ക്യാമ്പുകളുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. സ്വന്തം മണ്ണില്‍ നടക്കുന്ന ഭീകരവാദത്തെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പുറത്തുവന്ന രണ്ടാമത്തെ വീഡിയോയില്‍ നിന്ന് അഭിനന്ദ് സുരക്ഷിതനാണെന്ന് വ്യക്തമായി.
പാക് മേജറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന അഭിനന്ദ് നിങ്ങളുടെ ദൗത്യം എന്തായിരുന്നു എന്ന ചോദ്യത്തിന് ഇതിന് മറുപടിയില്ല എന്ന് ധീരമായി പറയുന്നത് ദൃശ്യങ്ങളില്‍ കാണാം.
















