ന്യൂദല്‍ഹി: മിറാഷ് 2000ത്തില്‍ നിന്ന് പാക് മണ്ണിലെ ഭീകര ക്യാമ്പുകളിലേക്ക് വര്‍ഷിച്ചത് ലേസര്‍ നിയന്ത്രിത ലൈറ്റ്‌നിങ് പോഡുകള്‍. ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി കണ്ടെത്തുകയും ഒരു തരത്തിലും പിഴക്കില്ലെന്നുറപ്പു വരുത്തി അവിടെത്തന്നെ ആക്രമണം നടത്താനും കഴിയും എന്നതാണ് ഈ ബോംബുകളുടെ പ്രത്യേകത.
ലേസര്‍ ബോംബുകള്‍ ആദ്യം വികസിപ്പിച്ചത് അമേരിക്കയാണ്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) 2006ല്‍ ലേസര്‍ ബോംബുകള്‍ തദ്ദേശീയമായി വികസിപ്പിച്ചു. 2010ല്‍ വിജയകരമായി പരീക്ഷിച്ച്, സൈന്യത്തിനു കൈമാറി. സുദര്‍ശന്‍ എന്നു പേരിട്ട ഈ ലേസര്‍ ബോംബുകളെ ഇന്ത്യന്‍ സൈന്യത്തിന്റെ സുദര്‍ശന ചക്രം എന്നാണ് വിശേഷിപ്പിക്കുന്നത്.
ലേസര്‍ നിയന്ത്രിത ലൈറ്റ്‌നിങ് പോഡുകളിലാണ് ഈ ബോംബുകള്‍ ഘടിപ്പിച്ച് വര്‍ഷിക്കുന്നത്. റഫാല്‍ ആയുധക്കമ്പനിയും ഇസ്രയേല്‍ വ്യോമസേനയുടെ ടെക്‌നിക്കല്‍ വിഭാഗവും സംയുക്തമായി വികസിപ്പിച്ച പോഡുകള്‍ 2016 ലാണ് ഇന്ത്യ സ്വന്തമാക്കിയത്.
164 പോഡുകളാണ് റഫാല്‍ ഒന്നാം ഘട്ടത്തില്‍ ഇന്ത്യക്കു നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കൂടുതല്‍ പോഡുകള്‍ ഇന്ത്യ വാങ്ങിയിരുന്നു. നിയന്ത്രിത ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതാണ് മൈസൈലുകളുടെ ആകൃതിയിലുള്ള ഈ പോഡുകളെ വ്യത്യസ്തമാക്കുന്നത്. മിറാഷ് 2000, മിഗ്-29, സുഖോയ് 30, പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ച തേജസ് എന്നിവയില്‍ മൂന്നാം തലമുറ ലൈറ്റനിങ് പോഡുകളാണ് വിന്യസിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം നവീകരിച്ച ജി 4 പോഡുകള്‍ ഇന്ത്യ വാങ്ങി. മിറാഷ്, സുഖോയ്, മിഗ് വിമാനങ്ങളില്‍ ഇപ്പോള്‍ നാലാം തലമുറ പോഡുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ പോഡുകളാണ് ബലാകോട്ടിലെ ഭീകര ക്യാമ്പുകളില്‍ മിറാഷുകള്‍ വര്‍ഷിച്ചത്.
എന്നാല്‍ അഞ്ചാം തലമുറ പോഡുകള്‍ റഫാല്‍ ഇന്ത്യക്കു കൈമാറിരുന്നു എന്ന് മറ്റൊരു റിപ്പോര്‍ട്ടുമുണ്ട്. ലക്ഷ്യസ്ഥാനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍ അഞ്ചാംഘട്ട നവീകരണത്തില്‍ ഉള്‍പ്പെടുത്തി എന്നാണ് റഫാല്‍ അവകാശപ്പെടുന്നത്.
പോഡുകളില്‍ സെന്‍സര്‍ സിസ്റ്റവും സിസിഡി ക്യാമറയുമുണ്ട്. യുദ്ധവിമാനത്തില്‍ നിന്ന് പോഡുകള്‍ താഴേക്കു വര്‍ഷിക്കുമ്പോള്‍ത്തന്നെ ലക്ഷ്യസ്ഥാനത്തിന്റെ ദൃശ്യങ്ങള്‍ വിമാനത്തിലുള്ള സൈനികര്‍ക്കു ലഭിക്കും.
ഇസ്രയേല്‍ വ്യോമസേനയ്‌ക്കു വേണ്ടി റഫാല്‍ തന്നെ വികസിപ്പിച്ച സ്‌പൈസ് 250 ബോംബുകള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇസ്രയേല്‍ ഇന്ത്യക്കു കൈമാറിയിരുന്നതായും ഇതാണ് ഇന്നലെ ഇന്ത്യ ഉപയോഗിച്ചതെന്ന സംശയവും ചില പ്രതിരോധ വിദഗ്ധര്‍ പ്രകടിപ്പിക്കുന്നു.
















