ഇടുക്കി: എണ്ണത്തില്‍ നൂറ് കടന്ന് ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ മുഖമായ ചാമ്പല്‍ മലയണ്ണാന്‍. കഴിഞ്ഞവാരം നടന്ന സര്‍വേയിലും തുടര്‍ന്നുള്ള ശാസ്ത്രീയ പഠനത്തിലുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വംശനാശ ഭീഷണി നേരിടുന്ന മലയണ്ണാന്‍ രാജ്യത്താകെ അഞ്ഞൂറെണ്ണം മാത്രമാണ് ഇതുവരെ തിട്ടപ്പെടുത്തിയിട്ടുള്ളത്.
ചിന്നാര്‍, ചമ്പക്കാട്, ചുങ്കം, ആലാംപെട്ടി-തൂവാനം, വാഴത്തുറ, കരിമുട്ടി എന്നിങ്ങനെ ആറ് ബ്ലോക്കുകളായി തിരിച്ചായിരുന്നു സര്‍വേ. മുന്‍ വര്‍ഷം നടത്തിയ സര്‍വേയില്‍ 68 ചാമ്പല്‍ മലയണ്ണാനെയാണ് കണ്ടെത്തിയത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രധാനമായും ചിന്നാര്‍, പാമ്പാര്‍ പുഴയോരങ്ങളിലും അവയില്‍ വന്ന് ചേരുന്ന നീര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ചുമാണ് ഇവയുടെ ആവാസ വ്യവസ്ഥ. കാട്ടുമാവ്, നീര്‍മരുത്, വാക, പാല, ഞാവല്‍, ഉങ്ങ്, പുളി എന്നിവയിലാണ് കൂടുതലായും മലയണ്ണാന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്.
പഞ്ചിമഘട്ടത്തില്‍ സാധാരണയായി കാണുന്ന മലബാര്‍ ജയന്റ് സ്‌ക്വിറലിനേക്കാള്‍ വലിപ്പം കുറവാണ് റത്തുവാ മക്രോറാ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ചിന്നാറിലെ മലയണ്ണാന്‍ (ഇന്ത്യന്‍ ഗ്രിസില്‍ഡ് ജയന്റ് സ്‌ക്വിറല്‍).
















