തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാറിന്റെ വികസന-ക്ഷേമ പദ്ധതികള്‍ പലതും കേരളത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
ആഗോളാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും വലിയ ആരോഗ്യക്ഷേമ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് മറ്റു പല സംസ്ഥാനങ്ങളിലും വിജയകരമായി നടപ്പിലാക്കി കഴിഞ്ഞിട്ടും കേരളത്തിലെ ജനങ്ങള്‍ക്ക് അതിന്റെ ഗുണഭോക്താക്കളാവാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പദ്ധതി അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും സംസ്ഥാനത്ത് തടസ്സപ്പെടുത്താനുള്ള ഗൂഢനീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക് ആറായിരം രൂപ ലഭിക്കുന്ന പദ്ധതിയെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കി പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിയുടെ പ്രയോജനം നിഷേധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു വരുന്നത്. നാലേക്കര്‍ തൊണ്ണൂറ്റിനാല് സെന്റിന് താഴെ ഭൂമിയുള്ള ഏതു കര്‍ഷകനും ഈ സഹായത്തിനര്‍ഹനാണ് എന്ന് മാത്രമാണ് പദ്ധതിയില്‍ പരിധിയായി പറഞ്ഞിട്ടുള്ളത്. പക്ഷെ മൂന്നുസെന്റ്, അഞ്ചുസെന്റ്, പത്ത്‌സെന്റ് എന്നൊക്കെ പരിധി നിര്‍ണയിച്ചിട്ടുള്ളതായി കൃഷിഭവനില്‍ സഹായത്തിനെത്തുന്ന കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതായി പരക്കെ പരാതിയുണ്ട്. ഇത്തരത്തില്‍ പാവങ്ങളെ വഴിതെറ്റിക്കരുതെന്നും രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പുറത്ത് സഹായം നിഷേധിക്കരുതെന്നും പി.എസ്. ശ്രീധരന്‍പിള്ള സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
















