തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.15ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു പകര്‍ന്നു നല്‍കുന്ന ദീപം മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരി വലിയ തിടപ്പള്ളിയിലെയും ചെറിയ തിടപ്പള്ളിയിലെയും അടുപ്പിലേക്ക് പകരും. അവിടെ നിന്ന് സഹകീഴ്ശാന്തിമാര്‍ പാട്ടുപുരയ്‌ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്ന പണ്ടാര അടുപ്പിലേക്ക് പകരും.
അഗ്നി മറ്റ് പൊങ്കാല അടുപ്പുകളിലേക്ക് പകരുന്നതോടെ വ്രതംനോറ്റിരിക്കുന്ന ഭക്തരുടെ കാത്തിരിപ്പിന് വിരാമമാകും. 2.15നാണ് പൊങ്കാല നിവേദ്യം. നാളെ രാത്രി 11.15നാണ് ദേവിയുടെ പുറത്തെഴുന്നള്ളത്ത്. വ്യാഴാഴ്ച രാത്രി 12.15ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കുക.
















