ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാനെ ലോകരാജ്യങ്ങള്‍ക്കിയടില്‍ ഒറ്റപ്പെടുത്താനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വിദേശകാര്യ സെക്രട്ടറിയും മറ്റു സെക്രട്ടറിമാരും വിവിധ വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു.
ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ പാകിസ്ഥാനോട് ഇനിയും ആവശ്യപ്പെടുമെന്നും യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ അറിയിച്ചിട്ടുണ്ട്.ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിരുന്നു.
പുല്‍വാമ ആക്രമണത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചനം രേഖപ്പെടുത്തി. ഈ സമയത്തെ ഇന്ത്യയിലെ സര്‍ക്കാരിനൊപ്പവും ജനങ്ങള്‍ക്കൊപ്പവും നില്‍ക്കുകയാണെന്ന് ഹസീന പറഞ്ഞു.ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് സെദിഖ് സെദിഖിയും പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ചു. കഴിഞ്ഞ 18 വര്‍ഷത്തിനിടെയുണ്ടായ ഈ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ഇന്ത്യയ്‌ക്ക് ഒപ്പം നില്‍ക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചു. ഈ ക്രൂരമായ ആക്രമണം സ്‌പോണ്‍സര്‍ ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖമായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാന്ദ്ര സീഗ്ലര്‍, മാലിദീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വലിഹ്, ഇന്ത്യയിലെ തായ് ലന്‍ഡ് അംബാസിഡര്‍, ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം എന്നിവര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു.നേപ്പാള്‍,ഭൂട്ടാന്‍,ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയ്‌ക്ക് പിന്നില്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഉറി ഭീകരാക്രമണത്തിലും പാകിസ്ഥാനുള്ള പങ്ക് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.ഉറി ആക്രമണത്തിനു ശേഷവും, റഷ്യ പാകിസ്ഥാനുമായി സംയുക്ത സൈനികപരിശീലനം നടത്തിയിരുന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ രാജ്യത്തിനകത്തു നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണമെന്ന് റഷ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.അത് ഇന്ത്യയുടെ നയതന്ത്രമായിരുന്നു.
കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ആഗോളതലത്തില്‍ കരുക്കള്‍ ശക്തമാക്കുമെന്ന് ഇന്ത്യ തുറന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
















