ന്യൂദല്‍ഹി: ബിക്കാനീര്‍ ഭൂമികുംഭകോണ കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയുടെ 4.62 കോടി രൂപയിലേറെ വിലമതിക്കുന്ന വീട് സുഖ്‌ദേവ് വിഹാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) കണ്ടുകെട്ടി.
വാദ്രയുടെ റിയല്‍ എസ്റ്റേറ്റ് സംരംഭമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ പേരിലാണ് വീടുള്ളത്. കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ ഭര്‍ത്താവായ വാദ്രയെ കഴിഞ്ഞയാഴ്ച രണ്ടുദിവസം തുടര്‍ച്ചയായി ജെയ്‌പൂരില്‍ ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ ജെയ്‌പൂര്‍ ഓഫീസില്‍ കഴിഞ്ഞ ഫെബ്രുവരി 12 നാണ് വാദ്ര ഹാജരായത്.
രാജസ്ഥാനിലെ കോലയാട്ടില്‍ ചുളുവിലയ്‌ക്ക് (72 ലക്ഷം രൂപ) യ്‌ക്ക് വാങ്ങിയ ഭൂമി 5.15 കോടിക്ക് വാദ്ര മറിച്ചു വിറ്റതായാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് 2015 ലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തത്. കേന്ദ്രപദ്ധതിയായ മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റെയ്ഞ്ചിനായി യുപിഎ സര്‍ക്കാര്‍ ബിക്കാനീറിലെ 35 ഗ്രാമങ്ങളില്‍ നിന്നായി ഏറ്റെടുത്ത ഭൂമിയിലായിരുന്നു തിരിമറി നടന്നത്.
ദല്‍ഹിയിലെയും ലണ്ടനിലെയും ബിനാമി സ്വത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസില്‍ നേരത്തേ രണ്ടു തവണ വാദ്രയെ ചോദ്യം ചെയ്തിരുന്നു. അതു പോലെ ചില എണ്ണ വ്യാപാര കരാറുകളിലും പ്രതിരോധ ഇപാടുകളിലും കുറ്റാരോപിതനാണ് വാദ്ര. അന്വേഷണം തുടരുന്ന ഈ കേസിലും വാദ്രയെ അടുത്തയിടെ ഇഡി ചോദ്യം ചെയ്തു. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയില്‍ യില്‍ വാദ്രയും അമ്മയും ഡയറക്ടര്‍മാരാണ്.
അതിനിടെ ഹവാല പണമിടപാട് കേസില്‍ വാദ്രയേയും കൂട്ടാളി മനോജ് അറോറയേയും മാര്‍ച്ച് രണ്ട് വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ദല്‍ഹി പട്യാല കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. നിയമ വിരുദ്ധമായി സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസില്‍ വാദ്രയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
















