ഹാമില്‍ട്ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റിന് പിന്നില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നിരവധി നേട്ടങ്ങള്‍ ധോണിയ്‌ക്ക് സ്വന്തമാണ്. കരിയറിലെ മുന്നൂറാം ട്വന്റി20 മത്സരത്തിലും വിക്കറ്റിന് പിന്നിലുള്ള മിന്നും പ്രകടനം ധോണി ആവര്‍ത്തിച്ചു.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന ട്വന്റി20 മത്സരത്തില്‍ കിവീസ് ഓപ്പണര്‍ ടിം സീഫര്‍ട്ടായിരുന്നു ഇത്തവണ ധോണിയുടെ ഇര. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് അടിച്ച് തകര്‍ക്കുന്നതിനിടെയാണ് ധോണിയുടെ വക മിന്നല്‍ പ്രകടനം.
കുല്‍ദീപ് യാദവെറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്ത് നേരിട്ട സീഫര്‍ട്ടിന് പിഴച്ചു. താരത്തിന്റെ വലത് കാല്‍ പൊങ്ങിയ ചെറിയ സമയത്തിനുള്ളില്‍ ധോണി സ്റ്റംമ്പ് കുലുക്കി. വിക്കറ്റിനായി അപ്പീല്‍ നടത്തിയപ്പോഴും സാധാരണ അപ്പീലായി മാത്രമേ എല്ലാവരും പരിഗണിച്ചുള്ളൂ. ഏറെ നേരത്തെ പരിശോധനയ്‌ക്ക് ഒടുവില്‍ തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചു.
ഇതില്‍ ഏറ്റവും ശ്രദ്ധേയ കാര്യം വെറും 0.099 സെക്കന്റിനുള്ളിലായിരുന്നു ധോണിയുടെ റിയാക്ഷനും സ്റ്റംപിങ്ങും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് വേണ്ടി ടിം സീഫര്‍ട്ട് 25 പന്തില്‍ 43 റണ്‍സെടുത്ത് തകര്‍ത്തടിക്കുമ്പോളായിരുന്നു ഈ വിക്കറ്റ്.
ധോണിയുടെ കരിയറിലെ മുന്നൂറാം ട്വന്റി20 മത്സരമായിരുന്നു ഇന്നത്തേത്. ഇന്ത്യക്ക് വേണ്ടി 96 മത്സരങ്ങളാണ് ധോണി കളിച്ചത്. ബാക്കിയുള്ളത് ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളാണ്. 300 ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധോണി. 446 മത്സരങ്ങള്‍ കളിച്ച വിന്‍ഡീസ് താരം കീറന്‍ പൊള്ളാര്‍ഡാണ് ഏറ്റവുമധികം ട്വന്റി 20 മത്സരങ്ങള്‍ കളിച്ച താരം.
















