തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ മണ്ഡലങ്ങള്‍ തോറും സഞ്ചരിക്കുന്ന ബിജെപിയുടെ വിജയരഥം പ്രയാണം തുടങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന വാഹനം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കും. ഇത്തരത്തിലുള്ള മൂന്നു വാഹനങ്ങളാണ് അഭിപ്രായം സ്വരൂപിക്കുന്നതിനായി ബിജെപി നിരത്തിലിറക്കിയത്. ഭാരതത്തിന്റെ മനസ് മോദിക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അക്കമിട്ട് എണ്ണി പറഞ്ഞാണ് വാഹനം പൊതു ജനങ്ങള്‍ക്കിടയില്‍ എത്തുന്നത്. തങ്ങളുടെ നാട്ടിലെ തികച്ചും പ്രദേശിക വിഷയങ്ങള്‍ വരെ പത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് ഹൈടെക്ക് പ്രചാരണത്തിലൂടെ ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും വിവരിക്കുന്ന എല്‍ഇഡി ഡിസ്‌പ്ലെയില്‍ വീഡിയോ, സ്ലൈഡുകള്‍, ശബ്ദ സന്ദേശം എന്നിവ അടങ്ങുന്നതാണ് പ്രചാരണ വാഹനം. വാഹനത്തില്‍ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ബോക്‌സില്‍ പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയം ഓരോ വോട്ടര്‍ക്കും സ്വന്തം പ്രദേശിക ഭാഷയില്‍ എഴുതി നിക്ഷേപിക്കാം. വാഹനം എല്ലാ വോട്ടര്‍മാരുടെയും മുന്നില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
140 നിയോജക മണ്ഡലങ്ങളിലും ബിജെപി മാനിഫെസ്റ്റോ എന്ന പേരില്‍ ബോക്‌സുകള്‍ സ്ഥാപിക്കും. ഇതിലും അഭിപ്രായങ്ങള്‍ പൊതു ജനങ്ങള്‍ക്ക് നിക്ഷേപിക്കാം. ഇതിനു പുറമെ 6357171717 എന്നീ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുകയാണെങ്കില്‍ ഇതിലൂടെയും പ്രാദേശിക ഭാഷയില്‍ അഭിപ്രായം രേഖപ്പെടുത്താം. റെക്കാഡ് ചെയ്യുന്നപ്പെടുന്ന ശബ്ദ സന്ദേശം ബിജെപി കേന്ദ്ര ഐടി സെന്ററില്‍ ശേഖരിക്കപ്പെടുന്നു. ഭാരത് മന്‍കിബാത്ത് എന്ന വെബ്‌സൈറ്റ് വഴിയും തെരഞ്ഞെടുപ്പ് പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സ്വീകരിക്കും.
മറ്റു രണ്ടു പ്രചാരണവാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം 11ന് നിര്‍വ്വഹിക്കപ്പെടും. തൃശൂരില്‍ ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും കാസര്‍കോട് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും നിര്‍വ്വഹിക്കും.
തിരുവനന്തപുരത്ത് നടന്ന ഫ്‌ളാഗ് ഓഫ് കര്‍മ്മം ഒ. രാജഗോപാല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി.പി. വാവ, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, എന്നിവര്‍ സംസാരിച്ചു.
















