തിരുവനന്തപുരം: സര്‍ക്കാരിനും ദേവസ്വം കമ്മീഷണര്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ മലക്കം മറിഞ്ഞു. കമ്മീഷണര്‍ എകെജി സെന്ററില്‍ അഭയം തേടിയതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിരട്ടലിനെ തുടര്‍ന്നാണ് മുന്‍ നിലപാടില്‍ നിന്ന് പ്രസിഡന്റ് മലക്കം മറിഞ്ഞത്.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കെ ദേവസ്വം അഭിഭാഷകന്‍ വിധിയെ അനുകൂലിക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇത് ബോര്‍ഡിന്റെ അഭിപ്രായം അല്ലെന്നും കേസ്‌നടത്തിപ്പിന്റെ ചുമതലയുള്ള കമ്മീഷണറോട് വിശദീകരണം തേടുമെന്ന് പദ്മകുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. കമ്മീഷണര്‍ക്കുനേരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നു.
തുടര്‍ന്ന് കമ്മീഷണര്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചു. ബോര്‍ഡ് എടുത്ത നിലപാട് തന്നെയാണ് താന്‍ അഭിഭാഷകനുമായി സംസാരിച്ചതെന്ന രേഖകളും കോടിയേരിയെ കാണിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് കമ്മീഷണര്‍ കോടിയേരിയെ കണ്ടത്.
കോടിയേരിയുടെ വിരട്ടിലിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് പ്രസിഡന്റ് തിരുത്തി. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമമുണ്ട്. താന്‍ സര്‍ക്കാരിന് ഒപ്പമാണ്.
ബോര്‍ഡിന് പുറത്തല്ല, അകത്താണെന്നും പദ്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ കമ്മീഷണറെ വേദിയില്‍ ഇരുത്തിയാണ് പ്രസിഡന്റിന്റെ കുമ്പസാരം.
ഇതിനിടെ സാവകാശ ഹര്‍ജിയ്‌ക്ക് ഇനി പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
















