ബെംഗളൂരു: ബിജെപി കോടികള്‍ വാഗ്ദാനം ചെയ്ത് ഒളിവില്‍ പാര്‍പ്പിക്കുകയാണെന്ന് ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്ന ജെഡിഎസ് എംഎല്‍എ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പുറത്ത്.
കെ.ആര്‍. പേട്ട് എംഎല്‍എ കെ.സി. നാരായണഗൗഡ മുംബൈ ജസ്‌ലോക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. നാരായണഗൗഡ തന്നെയാണ് വാട്ട്‌സ് ആപ്പിലൂടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. തനിക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും ആശുപത്രിയില്‍ ചികിത്സ തേടിയ തന്നോട് കുറച്ചു ദിവസം ആശുപത്രിയില്‍ ചികിത്സ തുടരണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടെന്ന് നാരായണഗൗഡ പറഞ്ഞു. ഇക്കാര്യം താന്‍ കുമാരസ്വാമിയെ അറിയിച്ചെന്നും അസുഖം ഭേദമായ ശേഷം നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജെഡിഎസ് നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് നാരായണ ഗൗഡ സഭയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. നാരായണഗൗഡ തന്റെ മണ്ഡലത്തിലേക്ക് 40 കോടിരൂപയുടെ വികസന പദ്ധതികള്‍ കുമാരസ്വാമിക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് നിരസിക്കുകയാണ് കുമാരസ്വാമി ചെയ്തത്. ഇതേ തുടര്‍ന്ന് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് നാരായണ ഗൗഡയുടെ ആശുപത്രിവാസമെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ യോഗം ചേര്‍ന്ന നാരായണ ഗൗഡയുടെ അനുയായികള്‍ എംഎല്‍എ എന്തു തീരുമാനം എടുത്താലും ഒപ്പം നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
















