കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്‌പ്പ് കേസില്‍ നിര്‍ണ്ണായക വിവരങ്ങളുമായി പോലീസ്. സംഭവത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്.
മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് നമ്പറുകളില്‍ നിന്നുമാണ് കോളുകള്‍ പോയിട്ടുള്ളത്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രവി പൂജാരി കൊച്ചി വെടിവെയ്‌പ്പിന് ശേഷവും സമാനരീതിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബ്യൂട്ടിപാര്‍ലര്‍ സ്ഥിതിചെയ്യുന്ന ടവര്‍ ലൊക്കേഷനില്‍ നിന്ന് വെടിവെയ്‌പ്പിന് ശേഷം പ്രതികളുടേതെന്ന് കരുതുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഈ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ മുംബൈ ബന്ധമുള്ളവരാണെന്നാണ് പോലീസ് കണ്ടെത്തല്‍.
ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ ഒരു സംഘം വെടിവെച്ചത്. അധോലോക കുറ്റവാളി രവി പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൃത്യം ചെയ്‌തെന്ന് തെളിയിക്കാന്‍ ചില കുറിപ്പും സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്.
















