ന്യൂദല്‍ഹി: ലണ്ടനിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്മെന്‍റ് (ഇഡി) ഇന്നും ചോദ്യം ചെയ്തേക്കും. ബുധനാഴ്ച വദ്രയെ ഇഡി അഞ്ചു മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.
മധ്യദല്‍ഹിയിലെ ജാംനഗറിലുള്ള ഇഡി ഓഫീസില്‍ ബുധനാഴ്ച 3:47 നാണ് വദ്ര എത്തിയത്. സാമ്പത്തികതട്ടിപ്പുകേസില്‍ ഇതാദ്യമായാണു റോബര്‍ട്ട് വദ്ര ഏതെങ്കിലും അന്വേഷണ ഏജന്‍സി മുമ്പാകെ ഹാജരാകുന്നത്. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വാദ്ര നേരത്തെ നിഷേധിച്ചിരുന്നു. രാഷ്‌ട്രീയ പകപോക്കലിനായി കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ കേസില്‍ വദ്രയ്‌ക്ക് 16 വരെ ദല്‍ഹിയിലെ പട്യാലഹൗസ് കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ഇഡി ഓഫീസിലെത്തിയത്. ലണ്ടനിലെ ബ്രയന്‍സ്റ്റണ്‍ സ്ക്വയറില്‍ 19 ലക്ഷം പൗണ്ടിനു ഭൂമി വാങ്ങിയത് വാദ്രയ്‌ക്കു വേണ്ടിയാണെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടപാടാണ് നടന്നിട്ടുള്ളതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
ഈ മാസം 16 വരെ വാദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ട ദല്‍ഹി കോടതി അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ടിരുന്നു. 2009ലെ പെട്രോളിയം കരാറില്‍ ലഭിച്ച കോഴപ്പണം ഉപയോഗിച്ച് വാദ്ര ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. വാദ്രയുടെ അനുയായിയായ മനോജ് അറോറയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരം ലഭിച്ചത്.
ആറ് ഫ്ലാറ്റുകളാണ് വാദ്രക്ക് വിദേശത്തുള്ളത്. കഴിഞ്ഞ ഡിസംബറില്‍ വാദ്രയുടെ ഓഫീസ് ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തി. അന്വേഷണം രാഷ്‌ട്രീയപ്രേരിതമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
















