തിരുവനന്തപുരം: സംസ്ഥാനത്താകെ 1.23 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ ശേഷവും നിരത്തിലിറങ്ങിയ 7082 വാഹനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടിച്ചെടുത്തിട്ടുണ്ട്.
10,643 പേരുടെ ജീവന്‍ ഇക്കാലയളവിലെ വാഹനാപകടങ്ങളില്‍ നിരത്തുകളില്‍ പൊലിഞ്ഞു. അമിത വേഗത മൂലം 454567 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയുണ്ട്. അമിതവേഗം പിടികൂടാനുള്ള ക്യാമറ സംവിധാനത്തിലൂടെയാണ് ഇത്രയും വാഹനങ്ങള്‍ പിടികൂടിയത്. 1,56,975 പേരില്‍ നിന്നായി 6,39,51,600 രൂപ പിഴ ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്.
ഇക്കാലയളവില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച 47367 പേരുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതില്‍ 191 പേര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായിരുന്നു. ഇത്തരത്തിലുള്ള നിയമലംഘനം തടയുന്നതിന് 51 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും, 11 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
















