ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച ലോകത്തേറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസില്‍ പുതിയ തരം മിസൈലുകള്‍ ഘടിപ്പിക്കാനുള്ള പദ്ധതി തുടങ്ങി. ആകാശത്തു നിന്ന് ആകാശത്തെ ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ കഴിയുന്ന ഫ്രഞ്ച് നിര്‍മിത ആസ്‌റാം മിസൈലുകള്‍ ഘടിപ്പിക്കാനാണ് പദ്ധതി. ഫ്രഞ്ച് അധികൃതരുമായി ഇതിനുള്ള ചര്‍ച്ചകള്‍ വിമാന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയറോ നോട്ടിക്‌സ് ഈയാഴ്ച തുടങ്ങും. ഫ്രഞ്ച് കമ്പനി എംബിഡിഎയാണ് മിസൈലുകള്‍ നിര്‍മിക്കുന്നത്. ഇവ പിടിപ്പിക്കുന്നതോടെ തേജസ് ലഘു യുദ്ധവിമാനങ്ങള്‍ കൂടുതല്‍ കരുത്ത് നേടും.
ഇസ്രയേല്‍ നിര്‍മിത പൈത്തണ്‍ 5 മിസൈലുകള്‍ പിടിപ്പിക്കാനായിരുന്നു പരിപാടി. എന്നാല്‍ ഇവ തേജസില്‍ ഘടിപ്പിക്കാന്‍ സാങ്കേതികമായ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫ്രഞ്ച് മിസൈലിന്റെ കാര്യം ചര്‍ച്ച ചെയ്തത്. 88 കിലോ ഗ്രാം ഭാരമുള്ള ആസ്‌റാം മിസൈലുകള്‍ കാഴ്ചക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ്. വിമാനത്തിലെ സെന്‍സറുകളില്‍ നിന്ന് ശത്രുവിമാനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കും.
ഇപ്പോള്‍ വ്യോമസേനയുടെ പക്കലുള്ള ബ്രിട്ടീഷ് നിര്‍മ്മിത ജാഗ്വാര്‍ വിമാനങ്ങളില്‍ ഇത്തരം മിസൈലുകളാണ് ഉള്ളത്. 25 കിലോമീറ്ററാണ് ഇവയുടെ പരിധി. സുഖോയി വിമാനങ്ങളലും ഈ മിസൈലുകള്‍ ഘടിപ്പിക്കാന്‍ പറ്റുമോയെന്ന് പരീക്ഷിച്ചുവരികയാണ്.
















