ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. സെനഗളില്‍ വച്ചായിരുന്നു അറസ്റ്റ്. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും. റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് രവി പൂജാരി പിടിയിലായതെന്ന് കുമാരസ്വാമിയുടെ ഓഫീസ് അറിയിച്ചു.
സെനഗളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകള്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. രവി പൂജാരി ഭാര്യയ്‌ക്കും കുട്ടികള്‍ക്കുമൊപ്പം ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് വിട്ടുനല്‍കുന്നത്.
നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിലെ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയാണ് രവി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കര്‍ണാടക, മുംബൈ പൊലീസിന്റെ നടപടികള്‍ക്ക് ശേഷമായിരിക്കും ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പോലീസ് നടത്തിയ അന്വേഷണത്തിലും പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
















