തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെയുള്ള 13 സിപിഎം പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് തിരുവനന്തപുരം ജില്ലാ കോടതി. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നും ഇനി കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
കേന്ദ്ര ഏജൻസിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള കുറ്റമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ച് വിലയിരുത്തിയിരുന്നു.മെയ് 27 ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.
റെയ്ഡ് വിവരമറിഞ്ഞ് സ്ഥലത്ത് പ്രതിഷേധവുമായെത്തിയ സി.പി.എം പ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന്, പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതികള്‍ കൊലവിളിയുമായാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ നേരെ പാഞ്ഞടുത്തത്. സംഭവത്തിലെ ഗൂഡാലോചന തെളിയിക്കുന്നതിന് പ്രതികളില്‍ ചിലരുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഫോണുകളുടെ പരിശോധന ഫലം എത്തിയാലേ ഗൂഢാലോചനയില്‍ പങ്കാളികളായ പ്രമുഖരെ കണ്ടെത്താനാകൂ എന്നും പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. പ്രതികളുമായി യാതൊരു മുന്‍ വിരോധവും ഇല്ലാതിരുന്ന സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
















