തൃശൂര്‍ : യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത് 10 അടി ഉയരത്തിലുള്ള വേദി. പ്രത്യേക ബാരിക്കേഡ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം സെന്റ് തോമസ് കോളേജ് റോഡില്‍ നിന്ന് പാറമേക്കാവ് ജംങ്ഷനിലേക്ക് തിരിഞ്ഞ് നെഹ്‌റു പാര്‍ക്കിനു മുന്നിലൂടെയാണ് സമ്മേളന നഗരിയിലേക്ക് എത്തുക. കര്‍ശ്ശന സുരക്ഷായാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സമ്മേളന നഗരിയിലേക്ക് ആളുകള്‍ക്ക് പ്രവേശിക്കുന്നതിനായി പ്രത്യേക റാംബും കാണികള്‍ക്കായി എല്‍ഇഡി സ്‌ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഉച്ചയ്‌ക്ക് ഒന്നുമുതല്‍ തന്നെ സമ്മേളന നഗരിയിലേക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്. അഞ്ച് കവാടങ്ങളിലൂടെ മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധിച്ചശേഷമാണ് ആളുകളെ അകത്തേയ്‌ക്ക് കടത്തിവിടുന്നത്. പ്രധാന വ്യക്തികള്‍ നായ്‌ക്കനാല്‍ ജംങ്ഷനിലൂടെയാണ് സമ്മേളന സ്ഥലത്തേയ്‌ക്ക് പ്രവേശിപ്പിക്കുക.
















