കണ്ണൂര്‍: ശബരിമലയില്‍ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ ബിന്ദുവിന് പാര്‍ട്ടിത്തണലില്‍ ജോലി സ്ഥലത്ത് സുഖസൗകര്യങ്ങള്‍ ഒരുക്കി സര്‍വകലാശാലാ അധികൃതര്‍. പോലീസ് സുരക്ഷയ്‌ക്ക് പുറമേയാണിത്. ബിന്ദുവിനെയും കനകദുര്‍ഗയെയും ഒളിവില്‍ പാര്‍പ്പിച്ചതു മുതല്‍ ദര്‍ശനം നടത്തിച്ചതുവരെ എല്ലാ സഹായങ്ങളും ചെയ്തത് കണ്ണൂരിലെ സിപിഎം നേതൃത്വവും സംസ്ഥാന സര്‍ക്കാരുമായിരുന്നു.
കണ്ണൂര്‍ നേതൃത്വത്തിന്റെ അറിവോടെ പോലീസ് അസോസിയേഷന്‍ നേതാക്കളാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പത്തനംതിട്ട സ്വദേശിയായ ബിന്ദുവിന് കണ്ണൂരിലെ പാര്‍ട്ടി ശക്തികേന്ദ്രത്തിലെ സര്‍വകലാശാലാ സെന്ററിലെ ജോലി സ്ഥലത്താണ് സംരക്ഷണം. കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി പാലയാട് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അസി. പ്രൊഫസറാണ് ബിന്ദു.
ബിന്ദു സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് ജോലിയില്‍ തിരികെ പ്രവേശിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. താല്‍ക്കാലിക ജീവനക്കാരിയായ ബിന്ദു അനധികൃതമായാണ് അവധിയെടുത്തതും തിരികെ ജോലിയില്‍ പ്രവേശിച്ചതും.ജോലി നഷ്ടമാകേണ്ട ഘട്ടം പോലും ഉണ്ടായിരുന്നു. കാഷ്വല്‍ അവധി കഴിഞ്ഞ ബിന്ദു വേതനമില്ലാ അവധിക്കായി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍യിരുന്നില്ല. എന്നാല്‍ ചട്ടം ലംഘിച്ചെങ്കിലും ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
ഗസ്റ്റ് ലക്ച്ചറര്‍ ആയ ബിന്ദുവിന് ഒരു പ്രത്യേക കാബിന്‍ നിര്‍മ്മിക്കും. വകുപ്പ് മേധാവികള്‍ക്ക് പോലും ഇല്ലാത്ത സൗകര്യം. ഗസ്റ്റ് അധ്യാപികയ്‌ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ മറ്റ് അധ്യാപകര്‍ക്കിടയില്‍ എതിര്‍പ്പുണ്ട്. തിരിച്ച് ജോലിക്ക് ഹാജരായ ശേഷവും ബിന്ദു തുടര്‍ച്ചയായി അവധിയെടുക്കുന്നതിലും കാമ്പസിനുള്ളില്‍ പ്രതിഷേധമുണ്ട്.
കനകദുര്‍ഗ നാട്ടിലും വീട്ടിലും കാലുകുത്താനാകാതെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള താല്‍ക്കാലിക ആശ്വാസ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ കഴിയുമ്പോഴാണ് മറ്റൊരാള്‍ പാര്‍ട്ടിയുടേയും ഭരണത്തിന്റെയും തണലില്‍ സുഖവാസം നയിക്കുന്നത്.
















