ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരായ റിട്ട് ഹര്‍ജികളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളും ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിക്കും. ശൈലജാ വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ റിട്ട് ഹര്‍ജികളാണ് അടുത്ത മാസം എട്ടിന് പരിഗണിക്കുകയെന്ന് സുപ്രീംകോടതി വെബ്‌സൈറ്റില്‍ നല്‍കിയ താല്‍ക്കാലിക തീയതിയില്‍ പറയുന്നു.
പുനപ്പരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കിയതിന് ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഇതിന് മുമ്പായി പുനപ്പരിശോധനാ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കാന്‍ സാധ്യതയുണ്ട്. അവധിയിലായിരുന്ന ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി അവസാനം ജോലിയില്‍ തിരികെ പ്രവേശിക്കും.
റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന എട്ടിന് തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ രണ്ടു ഹര്‍ജികളും പരിഗണിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയും ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരായ സര്‍ക്കാരിന്റെ മറ്റൊരു ഹര്‍ജിയുമാണ് അന്നു കേള്‍ക്കുക.
അമ്പതോളം പുനപ്പരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരുന്നെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനെ തുടര്‍ന്ന് നീട്ടിവയ്‌ക്കുകയായിരുന്നു. പുതിയ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
















