കോഴിക്കോട്: ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ചുള്ള നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു. 2018 ഫെബ്രുവരി 6ന് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമായും പത്ത് നിര്‍ദ്ദേശങ്ങളാണുണ്ടായിരുന്നത്. ഇരുമുന്നണികളിലെയും എട്ട് എംഎല്‍എമാരടങ്ങുന്ന സമിതിയുടെ അദ്ധ്യക്ഷന്‍ മുല്ലക്കര രത്‌നാകരനായിരുന്നു. ഫെബ്രുവരി 2ന് ചേര്‍ന്ന സമിതിയോഗം ഏകകണ്ഠമായി അംഗീകരിച്ച നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ അവഗണിച്ചത്.
നിര്‍ദ്ദേശങ്ങളും കണ്ടെത്തലുകളും
1 സീവാഷിംഗിന് ആറ് മാസത്തില്‍ കുറയാതെയുള്ള ഇടവേളകള്‍ നല്‍കണം
2 മണല്‍ വാരുന്നതനുസരിച്ച് വന്നടിയുന്ന മണല്‍ വീണ്ടും
കോരിയെടുക്കുന്നത് അശാസ്ത്രീയം.
3 ഐആര്‍ഇഎല്ലിന്റെ ഖനനം നിരീക്ഷിക്കാന്‍ ഭൂജല വകുപ്പിന്റെ കീഴില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട മേല്‍നോട്ട സമിതി രൂപീകരിക്കണം. കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണം.
4 വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണമുണ്ടാകണം.
5 ഖനനം നടന്ന മേഖലകളില്‍ പുലിമുട്ട് സ്ഥാപിക്കണം.
6 ആലപ്പാട് പഞ്ചായത്തില്‍ വെള്ളം കയറി നശിച്ച കൃഷിയിടങ്ങളുടെ കണക്കെടുത്ത് നഷ്ടപരിഹാരം നല്‍കണം.
7 പരിസ്ഥിതി നാശം ഉണ്ടായ മേഖലകളില്‍ കണ്ടല്‍ വനങ്ങളും ജലസ്രോതസ്സുകളും പുനഃസൃഷ്ടിക്കണം.
8 സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ശാസ്ത്രീയ പഠനം നടത്തി ഭൂവിസ്തൃതി നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.
എന്നാല്‍ ഒന്നും പാലിച്ചില്ല. ലാന്റ് മൈനിംഗ് നടത്തിയ സ്ഥലങ്ങളില്‍ കുഴികള്‍ നികത്തിയിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇല്ലാതായെന്ന നാട്ടുകാരുടെ പരാതി ശരിയാണെന്നാണ് സമിതി വിലയിരുത്തിയത്. ആലപ്പാട് മേഖലയില്‍ മത്സ്യസമ്പത്ത് കുറയുന്നതായും കുഴമ്പ് രൂപത്തിലുള്ള മാലിന്യ നിക്ഷേപം ഉണ്ടായതിന്റെ കാരണം ഖനനചട്ടങ്ങളുടെ ലംഘനമാണെന്നും സമിതി കണ്ടെത്തിയിരുന്നു.
യുഡിഎഫിലെ അനില്‍ അക്കര, കെ.ബാബു, കെ.എം. ഷാജി, എം. വിന്‍സെന്റ് എന്നിവരും പി.വി. അന്‍വര്‍, പി.ടി.എ. റഹീം, ഒ. ആര്‍. കേളു, കെ.വി. വിജയദാസ് എന്നിവരുമാണ് സമിതിയില്‍ ഉണ്ടായിരുന്ന മറ്റു എംഎല്‍എമാര്‍. നിയമസഭാ റിപ്പോര്‍ട്ട് മരവിപ്പിച്ച ജനപ്രതിനിധികളാണ് സമരത്തെ എതിര്‍ത്തും അനുകൂലിച്ചും ഇന്ന് രംഗത്തുള്ളത്.
















