കൊച്ചി: ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് നല്‍കുന്ന മരുന്നിനും ജീവന്‍ രക്ഷാഉപകരണങ്ങള്‍ക്കും(ഇംപ്‌ളാന്റ്‌സ്) ശസ്ത്രക്രിയാ സാമഗ്രികള്‍ക്കും നികുതി ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകളും മറ്റും നല്‍കുന്നത് വില്പനയായി കണക്കാക്കാന്‍ കഴിയില്ല. ഇതിന്റെ തുക ആശുപത്രി ബില്ലിനൊപ്പം ഈടാക്കുമ്പോള്‍ കേരള വാറ്റ് പ്രകാരമുള്ള നികുതി ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി. ഒരു കൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്.
രോഗികള്‍ക്ക് മതിയായ ചികിത്സയാണ് നല്‍കുന്നത്. ഡോക്ടറുടെയോ സര്‍ജന്റെയോ വിദഗ്‌ദ്ധോപദേശ പ്രകാരമാണ് മരുന്ന് നല്‍കുന്നത്. ഇതിന്റെ സേവന സ്വഭാവം പരിഗണിക്കുമ്പോള്‍ മരുന്നിന്റെ വില അപ്രസക്തമാണ്. ആശുപത്രികള്‍ പൂര്‍ണ്ണമായും ധര്‍മ്മ സ്ഥാപനമല്ലെങ്കില്‍ പോലും മരുന്നു വില്‍ക്കാനുള്ള ബിസിനസ് സ്ഥാപനമായി മാത്രം കാണാനാവില്ല. ചികിത്സയുടെ ലക്ഷ്യം രോഗം ഭേദമാക്കുകയെന്നതാണ്. ഇതിനു നല്‍കുന്ന മരുന്നുകളുടെ വിലയ്‌ക്ക് ചികിത്സയെന്ന സേവനത്തെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
















