കണ്ണൂര്‍: ശബരിമലയില്‍ ആചാരലംഘനം നടത്തിയ ബിന്ദു സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു. ജോലിയില്‍ തുടരാന്‍ അനുവദിച്ച സര്‍വകലാശാലാ നടപടി വിവാദത്തില്‍. താല്‍ക്കാലിക ജീവനക്കാരിയായ ബിന്ദു അനധികൃതമായാണ് അവധിയെടുത്തതും തിരികെ ജോലിയില്‍ പ്രവേശിച്ചതും. കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് ജോലിക്കെത്തിയത്. ഇവിടെ അസി. പ്രൊഫസറാണ് ബിന്ദു.
കോളേജ് അദ്ധ്യാപകര്‍ക്ക് 15 ദിവസം തുടര്‍ച്ചയായുള്ള ലീവ് അനുവദിക്കില്ല.ഡിസംബര്‍ 21ന് ക്രിസ്തുമസ് അവധിക്ക് കോളേജ് അടച്ചശേഷം ബിന്ദു ഇതുവരെ ജോലിക്ക് എത്തിയില്ല. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് ഇവരുടെ ലീവുകള്‍ കണക്കാക്കുക. എല്ലാ കാഷ്വല്‍ അവധികളും എടുത്തു കഴിഞ്ഞു. ജോലി നഷ്ടമാകേണ്ട ഘട്ടം പോലും ഇവര്‍ക്കുണ്ടായിരുന്നു. കാഷ്വല്‍ അവധിയില്ലാത്തതിനാല്‍ ബിന്ദുവിന് വേതനമില്ലാ അവധിയാണുള്ളത്. അതിനു വകുപ്പ് മേധാവി വഴി ബിന്ദു രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കണം. അങ്ങനെ ഒരു അപേക്ഷയും ബിന്ദു നല്‍കിയിട്ടില്ല.
ചട്ടം ലംഘിച്ചെങ്കിലും ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ നേരിട്ട് സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിന്ദുവിനെ സംരക്ഷിക്കാന്‍ കണ്ണൂര്‍ യൂണിവേഴ്സ്റ്റിറ്റി സിന്‍ഡിക്കേറ്റും തീരുമാനിച്ചിരുന്നു. അതിനാലാണ് ഇവര്‍ക്ക് മുമ്പില്‍ സര്‍വീസ് ചട്ടങ്ങള്‍ വഴിമാറിയത്. ബിന്ദുവിന് ഒളിയിടം ഒരുക്കുന്നതും സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യം ഒരുക്കുന്നതും കണ്ണൂരിലെ സിപിഎം ജില്ലാ നേതൃത്വമാണെന്ന ആരോപണം ആദ്യഘട്ടം തൊട്ടെ ഉയര്‍ന്നിരുന്നു.
















