കൊല്ലം: നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പൂർത്തീകരിച്ച കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മോദി ഭദ്രദീപം കൊളുത്തി ബൈപ്പാസ് ഉദ്ഘാടനം ചെയ്തു. 13.14 കിലോമീറ്റര്‍ ദൂരത്തില്‍ മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയാണ് ബൈപ്പാസ്.
എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് എല്ലാ സഹായവും നല്‍കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യം കുതിക്കുകയാണ്. കൊല്ലം ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയായതില്‍ സന്തോഷമുണ്ട്. എന്നാല്‍ പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുകയാണ്. 20 വര്‍ഷമായിട്ടും ചില പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇത് കുറ്റകരമായ അനാസ്ഥയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് ഏറെ മുന്നേറാനാകും. വിനോദ സഞ്ചാര മേഖലയില്‍ നിരവധി പദ്ധതികളുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയ്‌ക്ക് ആധാരം ടൂറിസമാണ്. കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ കേരളത്തിനുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് കൊല്ലം ബൈപ്പാസ് പൂർത്തീകരിച്ചത്.ഒന്നും രണ്ടും ഘട്ടമായി വേണ്ടി വന്നതു പതിറ്റാണ്ടുകൾ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ രണ്ടു പാലങ്ങൾ ഉൾപ്പെടെ ബാക്കി 8.5 കിലോമീറ്റർ പൂർത്തിയാക്കിയതു 44 മാസം കൊണ്ടായിരുന്നു. 2015ൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് മൂന്നാംഘട്ട നിർമാണം ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിച്ചു. വൈകിട്ട് 4 മണിയോടെ തിരുവനന്തപുരത്ത് വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയിലാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് പ്രത്യേക ഹെലികോപ്റ്റര്‍ വഴിയാണ് കൊല്ലത്ത് എത്തിയത്. 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മോദി ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
















