പത്തനംതിട്ട: മകരസംക്രമ ദിനത്തില്‍ ശബരിമല സന്നിധാനത്ത് ഗായിക പി. സുശീല സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ ഹരിവരാസന പുരസ്കാരം ഏറ്റുവാങ്ങി. 1976ല്‍ പുറത്തിറങ്ങിയ ശരണം അയ്യപ്പാ എന്ന ആല്‍ബത്തില്‍ ശ്രീകുമാരന്‍ തമ്പി എഴുതിയ പൊന്നമ്പല നട തുറക്കു…സ്വര്‍ണ ദീപാവലി തെളിക്കൂ… എന്നതുള്‍പ്പടെ നിരവധി ഭക്തിഗാനങ്ങള്‍ ആലപിച്ച പത്മഭൂഷണ്‍ ഡോ. പി. സുശീല ഭക്തിനിര്‍ഭരവും പ്രൗഢോജ്വലവുമായ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് എട്ടാമത് ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി.
ദേവസ്വം കമ്മീഷണര്‍ എന്‍. വാസു പ്രശസ്തിപത്രം വായിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. 2011ല്‍ ഗാനഗന്ധര്വ്വന് യേശുദാസിനാണ് ആദ്യമായി ഹരിവരാസനം പുരസ്കാരം നല്‍കിയത്. എല്ലാവര്ക്കും അയ്യപ്പസ്വാമി സൗഖ്യം നല്കണമേയെന്ന് പ്രാര്‍ഥിക്കുന്നതായി മറുപടി പ്രസംഗത്തില്‍ പി. സുശീല പറഞ്ഞു.
അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ ആദ്യവരികള്‍ ആലപിച്ച അവര്‍ യേശുദാസ് പാടി അനശ്വരമാക്കിയ ആ വരികളുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു. 84ാം വയസ്സിലും അവശതകള്‍ വകവയ്ക്കാതെ പൂര്‍വസ്മരണയിലെന്നവണ്ണം മനസ്സു നിറഞ്ഞ് പി. സുശീല ഗാനങ്ങള്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: