കോട്ടയം: മകരവിളക്ക് ദിനമായ ഇന്ന് മകരസംക്രമ സമയത്ത് ഭക്തജന കോടികള്‍ 18 കോടി ദീപം തെളിയിക്കുമെന്ന് ശബരിമല കര്‍മസമിതി സംസ്ഥാന കണ്‍വീനര്‍ ഇ.എസ്. ബിജു. സംസ്ഥാനത്ത് ഐക്യവും, ശാന്തിയും, ഐശ്വര്യവും പുലരുന്ന നവകേരളം സൃഷ്ടിക്കുന്നതിനും, കേരളത്തെ ബാധിച്ച ശനിദോഷം അകറ്റുന്നതിനും, ആചാര സംരക്ഷണത്തിന് ഭഗവദ് ചൈതന്യം വര്‍ധിപ്പിക്കുന്നതിനുമാണ് 18 കോടി ജ്യോതി തെളിയിക്കുന്നത്. വിവിധ രാഷ്‌ട്രങ്ങളിലും, സംസ്ഥാനങ്ങളിലുമായി രണ്ട് കോടിയില്‍പരം ഭവനങ്ങളില്‍ നിന്നായി 20 കോടിയിലധികം അയ്യപ്പഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു എന്നതാണ് ഏകദേശ കണക്കെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 14 കോടി ദീപവും വിവിധ രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലുമായി നാല് കോടി അയ്യപ്പജ്യോതി തെളിയിക്കാനും ഒരുക്കങ്ങളായി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തെരുവുകള്‍, ക്ഷേത്രങ്ങള്‍, അധ്യാത്മിക ധാര്‍മിക സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലാണ് ജ്യോതി തെളിയിക്കുന്നത്. ക്ഷേത്രങ്ങളിലും, അധ്യാത്മിക സ്ഥാപനങ്ങളിലും നടക്കുന്ന ദീപാര്‍ച്ചനയ്‌ക്ക് സന്യാസിവര്യന്മാര്‍, സമുദായ നേതാക്കള്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
















