ഇടുക്കി: തങ്ങളുടെ ജന്മദിനത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാര്‍ത്ഥികള്‍ക്ക് നിറമുള്ള വേഷം ധരിച്ച് ഇനി മുതല്‍ സ്‌കൂളുകളില്‍ എത്താം. ഇത് സംബന്ധിച്ച് ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് ഉത്തരവിറക്കിയിരിക്കുന്നത്.
തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കാതറിന്‍ ജെ.വിയുടെ പരാതിയിലാണ് നടപടി. കാതറിന്‍ തന്റെ ജന്മദിനത്തില്‍ നിറമുള്ള വേഷം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ കുട്ടിയോട് മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടി പരാതിയുമായി അധികൃതരെ സമീപിക്കുകയായിരുന്നു.
ഇനിമുതല്‍ ജന്മദിനത്തില്‍ യൂണിഫോം അല്ലാതെ നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനികളെ ഇതിന്റെ പേരില്‍ ശിക്ഷിക്കുകയോ വഴക്കുപറയുകയോ ചെയ്യാന്‍ പാടില്ലായെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും കൈമാറിയ ഉത്തരവ് പ്രഥമാദ്ധ്യാപകര്‍ക്കും ലഭിച്ചുകഴിഞ്ഞു.
















