തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരം ഇന്ന് 35-ാം ദിവസം. പി.എം. വേലായുധന്റെ നിരാഹാരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കും.
സെയ്ദ് ഹാസിം ബാദുഷ തങ്ങള്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. പി.പി. വാവ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. പത്മനാഭന്‍, സ്റ്റേറ്റ് സെല്‍ കോര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, മഹിളാ മോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് രമ്യ മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
ഒ. രാജഗോപാല്‍ എംഎല്‍എ, ഭാരതീയ വിചാര കേന്ദ്രം സഹ ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ബിജെപി സംസ്ഥാന സമിതി അംഗം അശോക് കുമാര്‍ തുടങ്ങി വിവിധ സംസ്ഥാന, ജില്ലാ, എന്‍ഡിഎ നേതാക്കള്‍ ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തജനവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപിയുടെ നിരാഹാര സമരം.
















