ന്യൂദല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറഞ്ഞു. 2018ലെ അവസാന ദിനമായ ഇന്നലെ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് പെട്രോളിന് രേഖപ്പെടുത്തിയത്. ദല്‍ഹിയില്‍ ലിറ്ററിന് 68.84 രൂപയും കൊച്ചിയില്‍ 70.76 രൂപയുമായാണ് കുറഞ്ഞത്. ഞായറാഴ്ച ഇത് യഥാക്രമം 69.04 രൂപയും 70.96 രൂപയുമായിരുന്നു. ഡീസലിന് ഇന്നലെ ദല്‍ഹിയില്‍ 62.86 രൂപയും കൊച്ചിയില്‍ 66.34 രൂപയുമായി.
ഞായറാഴ്ച ഇത് യഥാക്രമം 63.09 രൂപ, 66.58 എന്നിങ്ങനെയായിരുന്നു. ഒക്‌ടോബര്‍ 18ന് ശേഷം പെട്രോളിന് 13.99 രൂപയും ഡീസലിന് 12.84 രൂപയുമാണ് കുറഞ്ഞത്. ഒക്‌ടോബര്‍ 18 മുതല്‍ ഇവയുടെ വില കുറഞ്ഞുവരികയാണ്. മാര്‍ച്ചിനു ശേഷം ഡീസലിന് ഏറ്റവും കുറഞ്ഞ വിലയാണിപ്പോള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ പെട്രോള്‍ വില ഒരു തവണ മാത്രമാണ് കൂടിയത്, അതും പത്തു പൈസ.
കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് പുറമെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഉയര്‍ന്നതും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലയിടിഞ്ഞതും വില കുത്തനെ കുറയാന്‍ സഹായകമായി. ഒക്‌ടോബറില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുകയും എക്‌സൈസ് തീരുവ കുറക്കുകയും ചെയ്തിരുന്നു.
ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ ഇത് പിന്തുടര്‍ന്നെങ്കിലും കേരളം മുഖം തിരിച്ചു. ഇന്ധനവില കുത്തനെ ഇടിഞ്ഞിട്ടും അവശ്യവസ്തുക്കളുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരും തയാറാവുന്നില്ല. ഒരു പൈസ കൂടിയപ്പോള്‍ വരെ ഇതിന്റെ പേരില്‍ കേന്ദ്രത്തെ നിത്യേന കുറ്റപ്പെടുത്തുകയും അപഹസിക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. വില കുറഞ്ഞതു സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ മുക്കുകയോ പ്രാധാന്യമില്ലാതെ നല്‍കുകയോ പത്രങ്ങളില്‍ ഏതെങ്കിലുമൊരു കോണില്‍ ഒതുക്കുകയോ ആണ്. ചാനലുകളിലും മിണ്ടാട്ടമില്ല.
















