കൊച്ചി: അഴിമതിക്കാരേയും ഭൂമികൈയേറ്റക്കാരേയും വര്‍ഗീയ കക്ഷികളേയും ഒപ്പം ചേര്‍ത്ത ഇടത് മുന്നണിയുടെ വര്‍ഗീയ, അഴിമതി വിരുദ്ധ മേലങ്കി അഴിഞ്ഞു വീണുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വീരേന്ദ്രകുമാര്‍ ഭൂമി കൈയേറ്റക്കാരന്‍ ആണെന്നായിരുന്നു സിപിഎം നിലപാട്. അത് മാറിയോ. അഴിമതിക്കാരന്‍ എന്ന് പറഞ്ഞാണ് ആര്‍. ബാലകൃഷ്ണപ്പിള്ളയെ വി.എസ്. അച്യുതാനന്ദന്‍ ജയിലില്‍ അടച്ചത്. പിള്ളയെ മുന്നണിയില്‍ എടുത്തതിനെക്കുറിച്ച് വിഎസ് നിലപാട് പറയണം. ഐഎന്‍എല്‍ വര്‍ഗീയ കക്ഷിയാണെന്ന നിലപാട് മാറിയോ? ചെന്നിത്തല ചോദിച്ചു.
ശബരിമലയില്‍ മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല പറഞ്ഞു. എന്തിനാണ് വനിതാ മതിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഏതാനും ഹിന്ദു സംഘടനകളെ മാത്രം വിളിച്ചു കൂട്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മതിലില്‍ നിന്ന് വിട്ടു നില്‍ക്കണം. വര്‍ഗീയ മതിലിനായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വകുപ്പ് മേധാവികള്‍ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.
















