ശബരിമല: മണ്ഡലകാല ഉത്സവത്തിന് നട തുറന്ന് 39 ദിനങ്ങള്‍ പിന്നിടുമ്പോള്‍ 32 ലക്ഷം ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ആകെ നടവരവില്‍ അന്‍പത്തിയൊന്‍പത് കോടി രൂപയുടെ കുറവുണ്ടായെന്നും പദ്മകുമാര്‍ പറഞ്ഞു.
മുന്‍വര്‍ഷം ഇക്കാലയളവില്‍ ശബരിമലയിലെ വരുമാനം 164.89 കോടി രൂപയായിരുന്നു. ഇത്തവണ 105.11 കോടി രൂപയായി കുറഞ്ഞു. കാണിക്കയിനത്തില്‍ കഴിഞ്ഞ വര്‍ഷം 59 കോടിയായിരുന്നത് 42.33 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 70.68 കോടിയുടെ വില്‍പന നടത്തിയ അരവണ 40.99 കോടി രൂപയ്‌ക്ക് മാത്രമാണ് വിറ്റത്. അപ്പം 12.19 കോടി രൂപയ്‌ക്ക് കഴിഞ്ഞ വര്‍ഷം വിറ്റെങ്കില്‍ ഇത്തവണ 3.88 കോടിയായി. എന്നാല്‍, കാണിക്കയിനത്തില്‍ മാത്രം ഡിസംബര്‍ 25ന് രണ്ട് കോടി രൂപ ലഭിച്ചുവെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 68 ലക്ഷം പേരാണ് ശബരിമലയിലെത്തിയതെന്നും പദ്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ കാലത്തെ ചില പ്രസിഡന്റുമാരുടെ അവകാശവാദം ശബരിമലയില്‍ അഞ്ച് കോടി പേര്‍ എത്തിയെന്നായിരുന്നു. എന്നാല്‍, ഒരു മിനിറ്റില്‍ 100 പേരെ വച്ച് കടത്തിവിട്ടാലും 60 ദിവസം കൊണ്ട് പരമാവധി 72 ലക്ഷം പേരെ മാത്രമെ കടത്തിവിടാന്‍ കഴിയൂ എന്നും പദ്മകുമാര്‍ അവകാശപ്പെട്ടു.
















