തിരുവനന്തപുരം: കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി വരെ 26ന് നടക്കുന്ന അയ്യപ്പജ്യോതിക്ക് യോഗക്ഷേമ സഭയുടെ പൂര്‍ണ പിന്തുണ. തിരുവനന്തപുരം ജില്ലയിൽ ഒമ്പത് സ്ഥലങ്ങളിലായി സഭാംഗങ്ങളും പ്രവർത്തകരും അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കും.
ജില്ലയിലെ മുഴുവൻ സമുദായ അംഗങ്ങളും അയ്യപ്പ ജ്യോതിയിൽ അണി ചേരുമെന്നും ജില്ലാ പ്രസിഡന്റ് ടികെ ദാമോദരൻ നമ്പൂതിരി ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ നമ്പൂതിരി ജില്ലാ ട്രഷറർ ഗോവിന്ദൻ പോറ്റി എന്നിവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനും ശബരിമലിയെ വിശ്വാസങ്ങൾ നിലനിർത്തുന്നതിനുമായാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചിരിക്കുന്നത്.
അയ്യപ്പ ജ്യോതിക്ക് പിന്തുണയറിയിച്ച് എൻഎസ്എസും നേരത്തെ രംഗത്തെത്തിയിരുന്നു. ഡിസംബർ 26 എന്നു പറയുന്നത് ശബരിമലയെ സംബന്ധിച്ചും ഹിന്ദു വിശ്വാസികളെ സംബന്ധിച്ചും ഒരു നല്ല ദിവസമാണ്. അന്ന് ഈശ്വരപരമായ കാര്യങ്ങൾ ആരു ചെയ്താലും വിശ്വാസികൾ അതിൽ സഹകരിക്കുന്നതിൽ തെറ്റില്ല. അയ്യപ്പനെ ധ്യാനിച്ചു കൊണ്ട് ആരു പരിപാടി നടത്തിയാലും അതിൽ പങ്കെടുക്കുന്നതിൽ ഒരു തെറ്റുമില്ലെന്നതാണ് എൻഎസ്എസിന്റെ അഭിപ്രായമെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചിരുന്നു.
















