ചെങ്ങന്നൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചെങ്ങന്നൂര്‍ ദേവസ്വം ബോര്‍ഡ് ഡിവിഷന്‍ ഇലക്ട്രിസിറ്റി ഓഫീസിന്റെ ഉദ്ഘാടനം തടഞ്ഞ് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍. പിന്തുണയുമായി ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും.
ഉദ്ഘാടന വേദിയായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന് സമീപത്തെ വേദിയില്‍ രാവിലെയാണ് പ്രവര്‍ത്തകര്‍ ശരണം വിളികളുമായി എത്തിയത്. നിലവിളക്ക് കൊളുത്തണമെന്ന് വാശിപിടിച്ച് സജി ചെറിയാന്‍ എംഎല്‍എയും എ. പദ്മകുമാറും എഴുന്നേറ്റപ്പോള്‍ പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി തടഞ്ഞു. ഇതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍, ദേവസ്വം കമ്മീഷണര്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസ്, സജി ചെറിയാന്‍ എംഎല്‍എ എന്നിവര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
പിന്നീട് കര്‍മസമിതി-ബിജെപി പ്രവര്‍ത്തകര്‍ തെലങ്കാനയില്‍ നിന്ന് എത്തിയ അയ്യപ്പഭക്തനെ കൊണ്ട് നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, കര്‍മസമിതി സംയോജക് ജി. ബിജു, ബിജെപി ജില്ല സെക്രട്ടറി ശ്യാമള കൃഷ്ണകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സതീഷ് ചെറുവല്ലൂര്‍, യുവമോര്‍ച്ച ജില്ല ജനറല്‍സെക്രട്ടറി പ്രമോദ് കാരയ്‌ക്കാട്, കര്‍മസമിതി നേതാക്കളായ എം. മിഥുന്‍, രമേശ് പേരിശ്ശേരി, സത്യന്‍ പെണ്ണുക്കര, മോഹന്‍കുമാര്‍, ജയകുമാര്‍, അനീഷ് മുളക്കുഴ എന്നിവര്‍ നേതൃത്വം നല്‍കി.
















