ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിമാരെച്ചൊല്ലി കോണ്‍ഗ്രസ്സിലുണ്ടായ വലിയ പൊട്ടിത്തെറി തെരുവിലെത്തി. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ പ്രതിഷേധിച്ച സച്ചിന്‍ പൈലറ്റിന്റെ അനുയായികള്‍ റോഡ് ഉപരോധിച്ച് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ഛത്തീസ്ഗഡില്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗലിന്റെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മധ്യപ്രദേശിലെ ഭോപ്പാലില്‍ കമല്‍ നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും അനുയായികള്‍ പരസ്പരം പോര്‍വിളിയുമായി തെരുവിലിറങ്ങി. രണ്ട് ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകളിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ വിഷമിക്കുകയാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംയമനം പാലിക്കണമെന്നും സംഘര്‍ഷമുണ്ടാക്കരുതെന്നും അണികളോട് സച്ചിന്‍ പൈലറ്റ് അഭ്യര്‍ഥിച്ചു.
രാഹുലിന്റെ തീരുമാനം അംഗീകരിക്കുമെന്നായിരുന്നു നേതാക്കളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ആവര്‍ത്തിച്ചിരുന്നത്. രാജസ്ഥാനില്‍ ഗെഹ്‌ലോട്ടിനെയും മധ്യപ്രദേശില്‍ കമല്‍നാഥിനെയും മുഖ്യമന്ത്രിയാക്കാന്‍ ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പും ഭൂരിപക്ഷം കുറവെന്നതും പരിഗണിച്ചാണ് മുതിര്‍ന്ന നേതാക്കളെ ചുമതലയേല്‍പ്പിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. വൈകിട്ട് നാല് മണിയോടെ പ്രഖ്യാപനമുണ്ടാകുമെന്ന് മാധ്യമപ്രവര്‍ത്തകരെ അനൗദ്യോഗികമായി നേതാക്കള്‍ അറിയിക്കുകയും ചെയ്തു.
വാര്‍ത്ത പരന്നതോടെ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെയും മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെയും അനുയായികള്‍ പ്രതിഷേധം ശക്തമാക്കി. മുഖ്യമന്ത്രിസ്ഥാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് സച്ചിന്‍ രാഹുലിനെ കണ്ടതോടെ സ്ഥിതിഗതികള്‍ വഷളായി. ഗെഹ്‌ലോട്ടും സച്ചിനുമായി രാഹുല്‍ വെവ്വേറെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഗുജ്ജര്‍ സമുദായത്തെ രംഗത്തിറക്കി സമ്മര്‍ദം ശക്തിപ്പെടുത്തുകയാണ് സച്ചിന്‍. സംസ്ഥാനത്തിന്റെ പലയിടങ്ങളും സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്.
ഭോപ്പാലില്‍ കമല്‍നാഥിന്റെയും സിന്ധ്യയുടെയും അനുയായികള്‍ വിവിധയിടങ്ങളില്‍ സംഘടിച്ചു. സിന്ധ്യക്ക് വേണ്ടി പ്രവര്‍ത്തകര്‍ പൂജ നടത്തി. പാര്‍ട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ അനുയായികള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി. സിന്ധ്യയുമായി സോണിയയും രാഹുലും ആന്റണിയും ചര്‍ച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗലിനാണ് കേന്ദ്ര നേതൃത്വം അനുകൂലം. പ്രതിപക്ഷ നേതാവായിരുന്ന ടി.എസ്. സിങ്ങ് ദേവ്, എംപി ചരണ്‍ദാസ് മഹന്ത് എന്നിവരും രംഗത്തുണ്ട്.
മുഖ്യമന്ത്രിമാരെച്ചൊല്ലി സോണിയാ കുടുംബത്തിലും ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയാ ഗാന്ധി പഴയ നേതാക്കളായ ഗെഹ്‌ലോട്ടിനെയും കമല്‍നാഥിനെയുമാണ് പിന്തുണയ്‌ക്കുന്നത്. അതേസമയം ചെറുപ്പക്കാരായ സച്ചിനും സിന്ധ്യക്കും അവസരം നല്‍കണമെന്നാണ് രാഹുലിന്റെ നിലപാട്. പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലകളൊന്നുമില്ലാത്ത പ്രിയങ്കയും സജീവമായി ഇടപെടുന്നുണ്ട്. അമ്മ സോണിയയുടെ നിലപാടാണ് പ്രിയങ്കക്കും.
















