കണ്ണൂര്‍: മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എല്‍ഡിഎഫ് നേതാക്കള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ വിമാനയാത്ര. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ഞായറാഴ്ച തന്നെയാണ് ഇവര്‍ അടക്കം 63 പേര്‍ക്ക് തിരുവനന്തപുരത്തേക്ക് സൗജന്യ യാത്ര സര്‍ക്കാര്‍ ഒരുക്കിയത്. മഹാപ്രളയത്തില്‍ സകലതും നഷ്ടപ്പെട്ട് ഒരു നേരത്തെ അന്നത്തിന് പലരും കഷ്ടപ്പെടുന്ന, സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും പലര്‍ക്കും ലഭിക്കാത്ത സമയത്താണ് സര്‍ക്കാരിന്റെ ഈ നടപടി.
2,28,000 രൂപയാണ് ടിക്കറ്റിനായി ചെലവഴിച്ചത്. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെകാണ് കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്.
മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനം കഴിഞ്ഞ് വൈകുന്നേരം 3 മണിക്കാണ് വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് പോയത്. ഒപ്പം കുടുംബാംഗങ്ങളും ഇടതുമുന്നണി നേതാക്കളും സിപിഎം നേതാക്കളായ പ്രാദേശിക ജനപ്രതിനിധികളുമുണ്ടായിരുന്നു. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. 63 പേര്‍ക്കാണ് ഒഡെപെക് ഗോ എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്തത്.
വ്യാഴാഴ്ചയാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് ടിക്കറ്റ് ബുക്കിങ് നടത്തിയത്. പലരും വിമാനയാത്ര നടത്താന്‍ വേണ്ടിമാത്രമാണ് തിരുവനന്തപുരത്തേക്ക് പോയത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് തിരുവനന്തപുരത്തേക്ക് ഉദ്ഘാടന ദിവസം ഗോ എയര്‍ നടത്തിയ പ്രത്യേക സര്‍വീസിലായിരുന്നു മന്ത്രി കുടുംബങ്ങളുടേയും സിപിഎം നേതാക്കളുടേയും യാത്ര. വ്യക്തികള്‍ വെവ്വേറെ എടുക്കുന്നതിനെ അപേക്ഷിച്ച് ഒന്നിച്ച് ടിക്കറ്റെടുക്കുമ്പോള്‍ നിരക്ക് കുറയുമെന്നതിനാലാണ് 63 യാത്രക്കാരുടെയും ടിക്കറ്റ് ഒഡെപെക് എടുത്ത് നല്‍കിയതെന്നും ഈ തുക ഓരോ യാത്രക്കാരില്‍ നിന്നും ഈടാക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.















