കണ്ണൂര്‍: സംസ്ഥാനത്തെ ഇടതു ഭരണത്തെ പീഡനത്തിനുളള സൗകര്യമായി കുട്ടിസഖാക്കള്‍ മാറ്റിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്. കണ്ണൂര്‍ ജില്ലയില്‍ നടന്ന രണ്ട് പീഡനക്കേസുകളിലും ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രതികളാണ്. ഒരേ സ്‌കൂളിലെ രണ്ട് പെണ്‍കുട്ടികളെയാണ് വ്യത്യസ്തമായ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചത്. രണ്ട് കേസുകളിലും ഡിവൈഎഫ്‌ഐയുടെ അറിയപ്പെടുന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍. ഇതില്‍ ഒരു കേസിലെ പ്രതികള്‍ക്ക് സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുളളതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ കേസന്വേഷണം ശരിയായ ദിശയില്‍ നടക്കുമോ എന്ന സംശയം പൊതുസമൂഹത്തില്‍ വ്യാപകമാണ്. ഇരുകേസുകളിലും ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഖാക്കളുടെ നിയന്ത്രണത്തിലുളള സെക്‌സ് മാഫിയയുടെ ഇടപെടലുകള്‍ വ്യക്തമാണ്. ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ ബിജെപി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സത്യപ്രകാശ് പറഞ്ഞു.
















