സന്നിധാനം: സംഘര്‍ഷ സാധ്യത ഇല്ലെന്നും നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ തള്ളിയ സര്‍ക്കാര്‍ നിരോധനാജ്ഞ നാലു ദിവസത്തേയ്ക്ക് നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയാണ് നിരോധനാജ്ഞ. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും പിന്നീട് മണ്ഡലമഹോത്സവത്തിന് നടതുറന്ന സമയത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
സന്നിധാനത്തടക്കം നാലിടങ്ങളില്‍ ഏഴ് ദിവസമായി നിലനില്കുന്ന നിരോധനാജ്ഞ തുടരാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഈ മാസം 15ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ രാത്രി അവസാനിച്ച സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ആവശ്യപ്രകാരമാണ് നീട്ടിയത്. മണ്ഡലകാലം അവസാനിക്കുന്നതുവരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസ് ആവശ്യം.
സന്നിധാനത്തിന്റെ ചുമതയുള്ള എഡിഎം പ്രേംകുമാറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ നടപടി. സംഘര്‍ഷ സാധ്യത ഇല്ലെന്നും നിരോധനാജ്ഞ നിലനിര്‍ത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ പത്തനംതിട്ട കളക്ടറെ ബോധിപ്പിച്ചിരുന്നു. നിരോധനാജ്ഞ തുടരണമെന്ന് റിപ്പോര്‍ട്ട് നല്‍കാനും വിസമ്മതിച്ചു. തുടര്‍ന്ന് സന്നിധാനത്തിന്റെ ചുമതലയുള്ള എഡിഎം പ്രേംകുമാറിനോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
ശബരിമലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന് കാട്ടിയാണ് നിരോധനാജ്ഞയ്ക്കായി ആദ്യം കളക്ടറെ സമീപിച്ചത്. പോലീസിന്റെ ആവശ്യപ്രകാരം 15ന് അര്‍ധരാത്രി മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല. നാമജപം നടത്തിയ 69 പേരെ അറസ്റ്റ് ചെയ്ത് പോലീസാണ് സന്നിധാനത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത്. നിരോധനാജ്ഞയുടെ പേരില്‍ ഭക്തരെ നടപ്പന്തലില്‍ വിരിവയ്ക്കാനോ ആറ് മണിക്കൂറില്‍ കൂടുതല്‍ തങ്ങാനോ അനുവദിച്ചിരുന്നില്ല. നെയ്യഭിഷേകം പോലും നടത്താനാകാതെ നിരവധി പേരാണ് മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: