തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്കെതിരായ പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നക്കാര്‍ക്കെതിരെ മാത്രമാണ് പോലീസ് നടപടിയുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ഘട്ടങ്ങളിലും പോലീസ് ആത്മസംയമനം പാലിച്ചുവെന്നും ജനാധിപത്യം നിഷേധിക്കുന്ന ഘട്ടത്തില്‍ പോലീസ് ഇടപെട്ടുവെന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
ഭക്തിയുടെ പേരിലല്ല ശബരിമലയിലെ സമരങ്ങള്‍, ആര്‍എസ്എസിനൊപ്പം കോണ്‍ഗ്രസും ചേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലകാലം ആരംഭിച്ച ശേഷം ശബരിമലയില്‍ ഒരു ഭക്തനും ആക്രമിക്കപ്പെട്ടിട്ടില്ല. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണ് സംഘപരിവാറിന്റേത്. അക്രമം നടത്തുന്നവര്‍ക്ക് സന്നിധാനത്ത് ക്യാമ്പ് ചെയ്താല്‍ മാത്രമേ അവിടെ സംഘര്‍ഷമുണ്ടാക്കാന്‍ സാധിക്കൂ. അത് ഒഴിവാക്കാനാണ് സന്നിധാനത്ത് ഭക്തര്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അതിന്റെ ഭാഗമായാണ് നെയ്യഭിഷേകത്തിന് വേണ്ടി സന്നിധാനത്ത് തങ്ങുന്നതിന് പകരം രാവിലെ മൂന്ന് മണി മുതല്‍ മാത്രം സന്നിധാനത്ത് എത്താന്‍ നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
















