കണ്ണൂര്‍: ഡിസംബര്‍ 9 ന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുളള ആദ്യ വിമാന സര്‍വീസിനുള്ള ടിക്കറ്റുകള്‍ വില്‍പ്പനയാരംഭിച്ച് മിനിറ്റുകള്‍ക്കം വിറ്റു തീര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് ഇന്നലെ മിനിറ്റുകള്‍ക്കകം വിറ്റുപോയത്. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സിഇഒ കെ.ശ്യാംസുന്ദര്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ബുക്കിങ് ആരംഭിക്കുമെന്ന് അറിയിച്ചു. 12.40ന് ബുക്കിങ് ആരംഭിച്ചു. 1.35 ആയപ്പോഴേക്കും ടിക്കറ്റുകള്‍ മുഴുവന്‍ തീരുകയായിരുന്നു.
അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്സ്പ്രസ് ഫ്ലെക്സി ടിക്കറ്റിന് 33439.01 രൂപയുമായിരുന്നു ബുക്കിങ് തുടങ്ങിയപ്പോഴുള്ള നിരക്ക്. എന്നാല്‍ മിനിറ്റുകള്‍ക്കകം ടിക്കറ്റ് നിരക്ക് ഉയര്‍ന്നതായി വൈബ്സൈറ്റില്‍ അറിയിപ്പെത്തി. നൂറുകണക്കിനാളുകള്‍ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതോടെയാണ് വില കുത്തനെ വര്‍ധിച്ചത്.
എക്സ്പ്രസ് വാല്യു ടിക്കറ്റിന് 25,000 രൂപയോളമായിരുന്നു ബുക്കിങ് അവസാനിക്കുമ്പോഴത്തെ നിരക്ക്. 186 സീറ്റുള്ള ബോയിങ് 737-800 വിമാനമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. അബുദാബിയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റുകളും ഒരു മണിക്കൂറിനകം ഓണ്‍ലൈന്‍ വഴി ഇന്നലെ വിറ്റഴിഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വിമാനത്താവളത്തിന്റെ മിനുക്കുപണികള്‍ അന്തിമഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: