മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജിത്ത്-മോഹന്‍ലാല്‍ ടീമിന്റെ ചിത്രം തീയേറ്ററുകളിലെത്തി. ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിലുള്ള കുടുംബചിത്രം ‘ഡ്രാമ’യുമായാണ് ഇവര്‍ എത്തിയത്. കട്ടപ്പനയിലെ തന്റെ ഭര്‍ത്താവിന്റെ ശവകൂടീരത്തിനടുത്ത് അന്ത്യവിശ്രമം കൊള്ളണമെന്നാഗ്രഹിക്കുന്ന റോസമ്മ ജോണ്‍ ചാക്കോയുടെ മരണത്തില്‍നിന്നുമാണ് ചിത്രത്തിന്റെ ആരംഭം. മകളുടെ ഇംഗ്ലണ്ടിലെ വസതിയില്‍വച്ചാണ് ആ അമ്മയുടെ മരണം.
ധനാഢ്യരായ മക്കളുണ്ടെങ്കിലും അവരുടെ തിരക്ക് അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമാണ്. സംസ്ക്കാരച്ചടങ്ങുകള്‍ ഇംഗ്ലണ്ടില്‍ത്തന്നെ നടത്താമെന്ന തീരുമാനത്തിലാണ് അവര്‍. അതിനായി സംസ്ക്കാരച്ചടങ്ങുകള്‍ നടത്തിക്കൊടുക്കുന്ന ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തെ അവര്‍ സമീപിച്ചു. ഹിന്ദുവായ അമ്മായിയമ്മയുടെ നിര്‍ബന്ധപ്രകാരം മൃതദേഹത്തിന്റെ സുരക്ഷയും ഇവന്റ് മാനേജ്മെന്റിനെ എല്പ്പിക്കുന്നു.
ഈ സ്ഥാപനത്തിന്റെ പാര്‍ട്ണറായ രാജു (രാജഗോപാല്‍) എത്തുന്നിടത്ത് ചിത്രം സങ്കീര്‍ണതയിലേക്ക് നീങ്ങുകയായി. നാട്ടില്‍ തന്റെ ശരീരം മറവുചെയ്യണമെന്ന അഗ്രഹം അമ്മയ്ക്കുണ്ടെന്ന ഇളയ മകന്റെ വെളിപ്പെടുത്തല്‍ രാജുവിന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. പിന്നീട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാജു. അതിനായി പല തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റേണ്ടിവരുന്നുണ്ട്. ഭാര്യയുമായി പിണങ്ങി നില്ക്കുന്ന രാജു പ്രശ്നങ്ങള്‍ക്ക് നടുവിലാണ്. മൃതദേഹത്തിന്റെ അഗ്രഹം പൂര്ത്തീകരിക്കുന്നിടത്ത് രാജുവിന്റെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.
ഹാസ്യവും പരിഹാസവും നിറഞ്ഞ രംഗങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. രാജുവും മരിച്ച റോസമ്മ ചാക്കോയും തമ്മിലുള്ള സാങ്കല്‍പ്പിക സംഭാഷണങ്ങള്‍ പ്രേക്ഷകരെ ഈറനണിയിക്കും. അഭിനയ മികവുകൊണ്ട് മോഹന്‍ലാലിനൊപ്പം അരുന്ധതി നാഗും പ്രേക്ഷകരെ ഞെട്ടിച്ചു. സാമൂഹ്യ വിമര്‍ശനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രം പ്രേക്ഷകരെ തീയേറ്ററില്‍ പിടിച്ചിരുത്തും എന്നതില്‍ സംശയമില്ല. തിരക്കഥയിലെ രഞ്ജിത്ത് മാജിക് ഈ ചിത്രത്തിലും പ്രകടമാണ്. വളരെ ലളിതമായ പ്രമേയത്തെ അതിമനോഹരമായി ദൃശ്യവത്ക്കരിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളിലെ പിരിമുറുക്കങ്ങള്‍ അതിമനോഹരമായാണ് ചിത്രം പറയുന്നത്. ഇംഗ്ലണ്ടിന്റെ സൗന്ദര്യം അളഗപ്പന് ഒപ്പിയെടുത്തിരിക്കുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ കുടുംബബന്ധങ്ങള്‍ ഇത്രയും സൂക്ഷ്മമായി പറയുന്ന ചിത്രം എത്തുന്നത്. മലയാളത്തിലെ മീശപിരിയന്‍ ചിത്രങ്ങളുടെ വക്താക്കള്‍ കുടുംബചിത്രത്തിലേക്കെത്തുമ്പോള് അത് പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യവിരുന്ന് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: