കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ആസ്തികള്‍ കണ്ടുകെട്ടിയത്. 2004 മുതല്‍ 2008 വരെ നടന്ന അഴിമതികളിലാണ് നടപടിയെടുത്തത്. വീടും മറ്റ് 20 ആസ്തിവകകളുമാണ് കണ്ടുകെട്ടിയത്. പത്ത് വര്‍ഷം മുമ്പുള്ള കരാറിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി. വിജിലന്‍സ് അന്വേഷണത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു.
കമ്പനിയിലേക്ക് ഫ്ളൈ ആഷ് ഇറക്കുമതി ചെയ്യുന്നതിന് വി എം രാധാകൃഷ്ണന്റെ സ്ഥാപനമായ എ ആര് കെ വുഡ് ആന്റ് മിനറല്‍സ് എന്ന സ്ഥാപനം മലബാര്‍ സിമന്റ്സുമായി ഒമ്പതു വര്‍ഷത്തേയ്ക്ക് കറാറുണ്ടാക്കിയിരുന്നു. 2004 ല്‍ തുടങ്ങിയ ഈ കരാറില്‍ നിന്നും നാലുവര്‍ഷത്തിനു ശേഷം വി എം രാധാകൃഷ്ണന്റെ സ്ഥാപനം ഏകപക്ഷീയമായി പിന്മാറി. ഒപ്പം, കമ്പനി ബാങ്കില്‍ നല്കിയ സെക്യൂരിറ്റി തുകയും പലിശയും അടക്കം 52.45 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതിന് മുന്‍ എംഡി അടക്കമുള്ള ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
മലബാര്‍ സിമന്റ്സിലെ ഫ്ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടകേസില് മൂന്നാം പ്രതിയാണ് വി എം രാധാകൃഷ്ണന്. മുന്‍ എംഡി കെ പത്മകുമാര്‍ ഒന്നാം പ്രതിയും ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് രണ്ടാം പ്രതിയുമായ കേസില്‍ എആര്‍കെ വുഡ് ആന്റ് മിനറല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് വടിവേലുവാണ് നാലാം പ്രതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: