ഗാലെ: രംഗന ഹെറാത്തിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് വമ്പന്‍ തോല്‍വി. ഒന്നാം ടെസ്റ്റില്‍ ഒരു ദിവസത്തെ കളിശേഷിക്കെ ഇംഗ്ലണ്ട് 211 റണ്‍സിനാണ് ആതിഥേയരെ തകര്‍ത്തത്. 462 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ശ്രീലങ്ക നാലാം ദിനം അവസാന സെഷനില്‍ 250 റണ്‍സിന് പുറത്തായി. സ്കോര്‍ : ഇംഗ്ലണ്ട് 342, ആറിന് 322. ശ്രീലങ്ക 203, 250. പതിമൂന്ന് എവേ ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലായി.
വിക്കറ്റ് നഷ്ടം കൂടാതെ പത്ത് റണ്‍സെന്ന സ്കോറിന് രണ്ടാം ഇന്നിങ്ങ്സ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 240 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടയ്ക്ക് അവരുടെ എല്ലാ വിക്കറ്റുകളും നിലംപൊത്തി. സ്പിന്നര്‍ മൊയിന്‍ അലിയും ലീച്ചും ചേര്‍ന്നാണ് ആതിഥേയരെ തകര്‍ത്തത്. അലി 71 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്്ത്തി. ലീച്ച് അറുപത് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് ബാറ്റ്സ്മാന്മാരെ പുറത്താക്കി.
ശ്രീലങ്കന്‍ ബാറ്റിങ്ങ് നിരയില്‍ മുന്‍ നായകന് മാത്യൂസും ബി.കെ.ജി മെന്‍ഡിസും മാത്രമാണ് പിടിച്ചുനിന്നത്. മാത്യൂസ് 92 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 53 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. അലിയാണ് മാത്യൂസിനെ വീഴ്ത്തിയത്്
മെന്‍ഡിസ് അര്‍ധ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെ പുറത്തായി. ലീച്ചിനാണ് വിക്കറ്റ്. 77 പന്തില്‍ ആറ് ഫോറും ഒരു സിക്സറും അടിച്ചു. ഈ ടെസ്റ്റോടെ വിരമിക്കുന്ന രംഗന ഹെറാത്താണ് അവസാനം പുറത്തായത്് . അഞ്ചു റണ്‍സെടുത്ത ഹെറാത്തിനെ സ്റ്റോക്കും ഫോക്സും ചേര്‍ന്ന് റണ്‍ ഔട്ടാക്കി. പരിചയ സമ്പന്നനായ സ്പിന്‍ ബൗളറായ ഹെറാത്ത് ഈ ടെസ്റ്റില്‍ രണ്ട് ഇന്നിങ്ങ്സിലായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റോടെ വിരമിക്കുമെന്ന് ഹെറാത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ ബെന്‍ ഫോക്സാണ് കളിയിലെ കേമന്‍. ആദ്യ ഇന്നിങ്ങ്സില്‍ ഫോക്സിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: