കൊച്ചി: ഭാരവാഹനങ്ങളുടെ ശേഷി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് വര്‍ധിപ്പിച്ചു.. ചരക്കുകടത്തിന് ഏറെ സഹായകമായ ഈ തീരുമാനം അവസരമാക്കി, കേരള സര്‍ക്കാര്‍ അനധികൃത ഫീസ് പിരിക്കുന്നു. ഭാരശേഷി കൂട്ടുന്നതിനുള്ള ഫീസ് എന്ന ലേബലിലാണ് പിരിവ്. ഈ അനധികൃത ‘പണപ്പിരിവ്’ ഓഡിറ്റ് തടസം പോലുമുണ്ടാക്കും.
സെപ്തംബര്‍ 17 നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനം പ്രഖ്യാപിച്ചത്. 16,000 കിലോ ആയിരുന്ന ചരക്കുശേഷി 18,000 ആക്കി. ഇത് വ്യവസായ മേഖലയ്‌ക്കും ചരക്കുകടത്തിനും ഗുണകരമാണ്.
പുതിയ കണ്ടൈനറുകളുടെ ഭാരം കൂടുതലെങ്കില്‍, ഇപ്പോള്‍ പിഴയീടാക്കിയാണ് യാത്ര അനുവദിക്കുന്നത്. പിഴയൊഴിവാക്കാന്‍ ഒന്നിലേറെ വാഹനങ്ങളില്‍ ചരക്ക് വീതിച്ച് കയറ്റിവിടുന്നത് ഗതാഗതക്കുരുക്കും മലിനീകരണവും കൂട്ടും. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയ നിയമപ്രകാരം ചരക്കുവാഹനങ്ങളുടെ രജിസ്‌ട്രേഷനിലും പെര്‍മിറ്റിലും ഈ അടിസ്ഥാന വിവരങ്ങള്‍ മാറ്റണം.
സൗജന്യമായി ചെയ്തു കൊടുക്കേണ്ടതെങ്കിലും കേരളത്തില്‍ ഇതിന് പ്രത്യേക ഫീസ് വാങ്ങാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. രജിസ്‌ട്രേഷന്‍ തിരുത്താന്‍ 500 രൂപയും പെര്‍മിറ്റിന് 1,500 രൂപയുമാണ് ഈടാക്കുന്നത്. വാഹന നികുതിക്കു പുറമേയാണിത്. ഈ തുക കൊടുക്കേണ്ടി വരുന്നത്, ‘മോദി സര്‍ക്കാരിന്റെ പരിഷ്‌കാരം’മാണെന്ന രാഷ്‌ട്രീയ പ്രചാരണവുമുണ്ട്.
ഒരു രജിസ്ട്രാര്‍ ഓഫീസില്‍ ശരാശരി 700 ഭാരവാഹനങ്ങളുണ്ട്. ചില മേഖലകളില്‍ ഇത് ആയിരത്തിലധികം വരും. എണ്‍പതോളം ഓഫീസുകളിലായി, 11.20 കോടി രൂപ ഈയിനത്തില്‍ പിരിച്ചെടുക്കും. ഈ പണം, ഏത് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുമെന്ന് വ്യക്തതയില്ല. അതിനാലാണ് ഓഡിറ്റ് തടസമുണ്ടാകുന്നത്.
















