ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. മുത്തലാഖ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സമസ്ത കേരള ജമിയത്തുല്‍ ഉലമ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് നിലപാട് വ്യക്തമാക്കിയത്.
അഭിഭാഷകന് സുള്‍ഫിക്കര്‍ പി.എസാണ് ഇവര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാക്കിയത്.ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് മുതിര്‍ന്ന അഭിഭാഷകന് രാജു രാമചന്ദ്രനും വാദിച്ചു. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് രണ്ട് മാസത്തിന് ശേഷമുള്ള ഹര്‍ജി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് സമസ്ത നല്കിയ ഹര്‍ജി പിന്‍വലിച്ചു.
മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു. ഓര്‍ഡിനന്‍സ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: