കൊച്ചി: വിമാന വാഹിനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട യാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഡ്രൈ ഡോക് ആഗോള കപ്പല്‍ നിര്‍മാണ മേഖലയിലെ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനമായി ഉയര്‍ത്തുമെന്ന് കേന്ദ്ര ഷിപ്പിങ്, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചി കപ്പല്‍ശാലയില്‍ പുതിയ ഡ്രൈ ഡോക്കിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്രതലത്തില്‍ വികസിത രാജ്യങ്ങള്‍ ചരക്കു നീക്കത്തിനായി ചെലവഴിക്കുന്ന തുകയേക്കാള്‍ അധികമാണ് ഇന്ത്യയ്ക്കു വേണ്ടിവരുന്നത്. ചൈനയ്ക്ക് 8-10 ശതമാനം തുക ചരക്കുനീക്കത്തിനു വേണ്ടിവരുമ്പോള്‍ ഇന്ത്യ 16-18 ശതമാനമാണ് ചെലവഴിക്കുന്നത്. ഇന്ധന ആവശ്യത്തിന് മെഥനോള്‍ ഉപയോഗപ്പെടുത്തുന്നതു ചരക്കുനീക്കത്തിനുള്ള ചെലവു കുറയ്ക്കും. കൊച്ചിന്‍ഷിപ്പ് യാര്‍ഡിനെ സ്വകാര്യവത്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത ശതമാനം ഓഹരികള്‍ വിറ്റഴിച്ചതു കൊച്ചി കപ്പല്‍ശാലയുടെ പുതിയ പദ്ധതിക്കു സഹായകമായിട്ടുണ്ട്, ഗഡ്കരി പറഞ്ഞു. വിദേശ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാവുന്ന ഈ പദ്ധതി കേരളത്തിന്റെ വളര്‍ച്ചയോടൊപ്പം ഇന്ത്യയുടെ വികസനത്തിനും വഴി തെളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊച്ചി കപ്പല്‍ശാല ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപ് അഡ്മിനിസ്ട്രേഷനു വേണ്ടി നിര്‍മ്മിച്ച രണ്ട് 500 സീറ്റര്‍ പാസഞ്ചര്‍ കപ്പലുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചന് ഗഡ്കരി നിര്‍വഹിച്ചു.
1799 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ ഷിപ്പുകള്‍, വിമാന വാഹിനികള്‍, ഉന്നത നിലവാരത്തിലുള്ള ഗവേഷണ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാനാവും. അറ്റകുറ്റപ്പണികള്‍ ചെയ്യാനും സാധിക്കും. 2021 ല്‍ ഡ്രൈ ഡോക്ക് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതി വഴി രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍ പറഞ്ഞു. നിലവില്‍ കൊച്ചി കപ്പല്‍ ശാലയില്‍ രണ്ട് ഡ്രൈ ഡോക്കുകള്‍ ഉണ്ട്.
ചടങ്ങില്‍ എറണാകുളം എം.പി പ്രൊഫ. കെ.വി തോമസ്, എം.എല്‍.എ ഹൈബി ഈഡന്,മേയര്‍ സൗമിനി ജയന് എന്നിവരും സംസാരിച്ചു. എംപിമാരായ വി.മുരളീധരന്, റിച്ചാര്‍ഡ് ഹേ, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ.എം. ബീന, ഐജി വിജയ് സാഖറേ, കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ദക്ഷിണ നാവികസേന കമാന്‍ഡന്റ് റിയല്‍ അഡ്മിറല്‍ ആര്.ജെ. നട്കര്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: