കൊച്ചി: കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുന്ന സംഭവവികാസങ്ങളാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആരോപിച്ചു. രാഷ്‌ട്രീയ പ്രതിയോഗികളെ തിരഞ്ഞുപിടിച്ച് വിവിധ കേസുകളില്‍ പ്രതിചേര്‍ത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ബിജെപി ആലപ്പുഴ ജില്ല പ്രസിഡന്റ് കെ. സോമന്‍ ഉള്‍പ്പടെയുള്ള നിരവധി പ്രവര്‍ത്തകരെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റു രേഖപ്പെടുത്തിയത് ഇതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. ആസൂത്രിതമായ റെയ്ഡാണ് പോലീസ് നടത്തുന്നത്.
ശബരിമല തന്ത്രിക്ക് എതിരായി മൂന്നാംകിട ഗുണ്ടയുടെ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ സംസാരം. കണ്ണൂരിലെ സിപിഎം ആസ്ഥാനം, എകെജി സെന്റര്‍ എന്നിവയുടെ സമീപപ്രദേശത്തുള്ള സിപിഎം പ്രവര്‍ത്തകരായ യുവാക്കള്‍ ആത്മധൈര്യത്തോടെ ഒരു മീ ടൂ വിവാദവുമായി മുന്നോട്ടുവന്നാല്‍ മുഖ്യമന്ത്രിക്കസേര തെറിക്കാന്‍ അധിക സമയം വേണ്ടിവരില്ല.
ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാവുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ ശബരിമലയില്‍ ദര്‍ശനം അനുവദിക്കൂ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ വിവരദോഷത്തെയാണ് സൂചിപ്പിക്കുന്നത്.
















