കൊച്ചി: തെങ്ങിലെ കാറ്റുവീഴ്ച പ്രതിരോധിക്കാനുള്ള ഗവേഷണങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷം എഴുപതു പിന്നിട്ടു. സംസ്ഥാനത്തെ അമ്പത് ശതമാനത്തിലേറെ തെങ്ങുകളിലും രോഗം ബാധിച്ചിട്ടും പ്രതിവിധി കാണാതെ ഗവേഷണങ്ങള്‍ പാതിവഴിയിലാണ്. കാറ്റുവീഴ്ചയുള്ള തെങ്ങുകള്‍ വെട്ടിമാറ്റിയുള്ള രോഗപ്രതിരോധമാണ് ഇപ്പോഴും തുടരുന്നത്.
ഗവേഷണത്തിനായി ഖജനാവില്‍ നിന്ന് ഇതേവരെ ചെലവിട്ടത് ശതകോടികളാണ്. എന്നിട്ടും, രോഗകാരണം ഫൈറ്റോപ്ലാസ്മ എന്ന സൂഷ്മാണു ആണെന്ന് കണ്ടെത്താന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ. ഇതിനെ പൂര്‍ണമായും നീക്കം ചെയ്യാതെ രോഗപ്രതിരോധം എളുപ്പമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
കാറ്റുവീഴ്ചയെ അതിജീവിച്ച കല്‍പ്പകശ്രീ, കല്‍പ്പസങ്കര, കല്‍പ്പരക്ഷക എന്നീ തൈകകളുടെ പ്രതിരോധ ശേഷിയും നഷ്ടപ്പെട്ടിരിക്കുകയാണ്.
1984ലെ സര്‍വേപ്രകാരം വര്‍ഷം 96.8 കോടി തേങ്ങ കാറ്റുവീഴ്ചമൂലം കേരളത്തിന് നഷ്ടമാകുന്നുണ്ട്. ഒരു തേങ്ങയ്‌ക്ക് ശരാശരി എട്ടുരൂപ കണക്കാക്കിയാല്‍ 774.4 കോടി രൂപയാണ് നഷ്ടം. അന്നത്തെ വിലനിലവാരമനുസരിച്ച് തൊണ്ട്, കൊപ്ര, ഓല മുതലായവയില്‍ നിന്നുള്ള നഷ്ടം 3000 ദശലക്ഷം രൂപയും. ഇന്ന് അമ്പത് ശതമാനം തെങ്ങുകളും രോഗബാധിതമായ സാഹചര്യത്തില്‍ പുതിയ കണക്കുകള്‍ ഞെട്ടിക്കുന്നതാവും. 84ന് ശേഷം പുതിയ സര്‍വേക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും നടന്നിട്ടില്ല.
1874ല്‍ കാര്‍ത്തികപ്പള്ളി, തിരുവല്ല, മീനച്ചില്‍ പ്രദേശങ്ങളിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.
1948ല്‍ കേന്ദ്ര നാളികേര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് കേരഗവേഷണ കേന്ദ്രം സ്ഥാപിച്ചതോടെ പഠനങ്ങള്‍ ആരംഭിച്ചു. 70 ല്‍ കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രം തുടങ്ങിയതോടെ ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി. രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങള്‍ക്കായുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ രോഗം പടരുന്നത് കള്ള് വ്യവസായത്തെയും പ്രതിരോധത്തിലാക്കുന്നു. കൂടുതല്‍ തെങ്ങുകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ മുറിച്ചുമാറ്റാന്‍ നിര്‍ബന്ധിതരാകുകയാണ് കര്‍ഷകര്‍.കൊഴിഞ്ഞാമ്പാറയില്‍ 350 ഹെക്ടറോളം തോപ്പുകളില്‍ കാറ്റുവീഴ്ചയുണ്ടെന്നാണ് കൃഷി ഭവന്‍ നല്‍കുന്ന കണക്കുകള്‍. തെങ്ങിന്‍തോപ്പുകള്‍ കൂടുതലായുള്ള കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളിലാണ് കാറ്റുവീഴ്ച രോഗം ഏറെയും.
അടുത്തിടെയുണ്ടായ വെള്ളീച്ച ശല്യത്തിനൊപ്പം കാറ്റുവീഴ്ചയും വ്യാപിച്ചതോടെ ദുരിതത്തിലായിരിക്കയാണ് കര്‍ഷകര്‍. ഇളനീരിന്റെ ഉത്പാദനവും ഇടിയുകയാണിപ്പോള്‍.
















