ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് ശബരിമലയുടെ ഭരണസംവിധാനം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പകരം ഭക്തരുടെ ട്രസ്റ്റ് രൂപീകരിച്ച് പുതിയ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഭക്തര്‍ ആവശ്യപ്പെടുന്നത്. സ്വതന്ത്ര നിലപാട് എടുക്കാതെ ഭരണകക്ഷിയുടെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കുള്ള ഉപകരണമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചതും അവിശ്വാസികള്‍ ബോര്‍ഡിന്റെ ഭരണചക്രം തിരിക്കുന്നതും ഭക്തര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
യുവതീപ്രവേശന വിഷയമടക്കമുള്ള കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി സിപിഎമ്മിന്റെ നിലപാടുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതായി പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. സുപ്രീംകോടതിവിധി വന്നപ്പോള്‍ ആദ്യം പുനഃപരിശോധനാഹര്‍ജി നല്‍കാന്‍ നിലപാട് സ്വീകരിച്ച ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തിന് മുന്നില്‍ നിലപാട് മാറ്റി. ഇതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന ആക്ഷേപം ശക്തമായി.
വിവിധ വിഷയങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ല. യുവതീപ്രവേശന വിഷയത്തില്‍ ഭക്തരുടെ മനസ്സിനൊപ്പം നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കഴിഞ്ഞില്ല. ശബരിമലയിലെ ആചാരക്രമങ്ങളെക്കുറിച്ച് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ താല്‍പര്യമില്ലായിരുന്നു.
ബോര്‍ഡിന്റെ പ്രതികാരനടപടി അതിരുകടന്നതോടെ ഭക്തരും പ്രതികരിക്കാന്‍ തുടങ്ങി. തുലാമാസ പൂജാകാലയളവില്‍ വരുമാനത്തില്‍ വന്‍കുറവ് സംഭവിച്ചിട്ടുണ്ട്. പലരും സേവ് ശബരിമല, സ്വാമി ശരണം എന്നിങ്ങനെയെഴുതിയ കുറിപ്പുകളാണ് കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുന്നത്. ഭക്തരോട് ദേവസ്വം ബോര്‍ഡ് കാണിക്കുന്ന പ്രതികാര നടപടി തുടര്‍ന്നാല്‍ മണ്ഡലകാലത്തിലെ വരുമാനത്തിലും വലിയ കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബോര്‍ഡിന് കീഴിലുള്ള 1200 ഓളം ക്ഷേത്രങ്ങളില്‍ 60 എണ്ണത്തില്‍ മാത്രമാണ് നടവരവ് കാര്യമായിട്ടുള്ളത്. ബാക്കിയുള്ള ക്ഷേത്രങ്ങള്‍ ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
















