തിരുവനന്തപുരം: ശബരിമല തന്ത്രിമാരെയും പന്തളം കൊട്ടാരത്തെയും അപമാനിച്ച ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസിന്റെ വീടിന് മുന്നില്‍ ബിജെപി ആഴികൂട്ടി നാമജപം നടത്തി പ്രതിഷേധിച്ചു. ബിജെപി തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തില്‍ നടന്ന പ്രതിഷേധ ആഴിക്ക് മുതിര്‍ന്ന അയ്യപ്പഭക്ത രാധമ്മ ദീപം പകര്‍ന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് തേങ്ങ ഉടച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ശബരിമലയുടെ ചൈതന്യം നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് മെമ്പര്‍ ശങ്കരദാസ് രാജിവയ്‌ക്കണമെന്ന് എസ്. സുരേഷ് ആവശ്യപ്പെട്ടു. സിപിഎമ്മും ഇടതു സര്‍ക്കാരും അയ്യപ്പ വിശ്വാസികളോടൊപ്പം നില്‍ക്കുന്നതിനുപകരം രഹ്നാ ഫാത്തിമയോടൊപ്പമാണ്. വിശ്വാസികളും ലക്ഷക്കണക്കായ സ്ത്രീകളും നേതൃത്വം കൊടുക്കുന്ന ഒരു രണ്ടാം വിമോചന സമരം കേരളത്തിലുണ്ടായാല്‍ അതിശയിക്കേണ്ടതില്ലെന്നും എല്ലാ മതത്തിലേയും വിശ്വാസികള്‍ പങ്കെടുക്കുന്ന ആദ്ധ്യാത്മിക പ്രക്ഷോഭം ആയിരിക്കും അതെന്നും സുരേഷ് പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍ അധ്യക്ഷനായി. ബിജെപി നേതാക്കളായ പി. അശോക് കുമാര്‍, പാപ്പനംകോട് സജി, പൂന്തുറ ശ്രീകുമാര്‍, പാങ്ങപ്പാറ രാജീവ്, മഹിളാമോര്‍ച്ചാ നേതാക്കളായ വലിയശാല ബിന്ദു, അഡ്വ. സന്ധ്യ ശ്രീകൂമാര്‍, കൗണ്‍സിലര്‍ ചിഞ്ചു, ജയരാജീവ്, സുകന്യ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
















